ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് മോഷണക്കേസ് പ്രതികളെ പോലീസ് വെടിവെച്ച് വീഴ്ത്തി. വണ്ണാരപ്പേട്ട പുത്തൂര്‍ എംജിആര്‍ നഗര്‍ സ്വദേശി ദുരൈസാമി(40), സഹോദരന്‍ സോമസുന്ദരം(38) എന്നിവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്.[www.malabarflash.com]
തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടെയാണ് പ്രതികളുടെ കാല്‍മുട്ടിന് താഴെ വെടിവെച്ച് പിടികൂടിയത്. സംഭവത്തില്‍ പരുക്കേറ്റ പ്രതികളും മൂന്ന് പൊലീസുകാരും ഉള്‍പ്പെടെ അഞ്ച് പേര്‍ ചികിത്സയിലാണ്.
തിരുച്ചിറപ്പള്ളി വരയ്യൂരിലെ വീട്ടില്‍ നിന്ന് 30 പവനും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ മോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ പുലര്‍ച്ചെ ഇവരെ തെളിവെടുപ്പിനായി കൊണ്ടുപോവുകയായിരുന്നു. മോഷണ വസ്തുക്കള്‍ കണ്ടെത്താന്‍ സമീപത്തെ ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ ദുരൈസാമി പൊലീസ് ഡ്രൈവ്രര്‍ ചന്ദ്രശേഖറിന്റെ കഴുത്തില്‍ പിടിച്ച് ജീപ്പിന്റെ സ്റ്റിയറിങ് വളക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം സമീപത്തെ കമ്പിവേലിയില്‍ ഇടിച്ചു.
തുടര്‍ന്ന് ദുരൈസാമിയും സോമസുന്ദരവും തൊണ്ടിമുതലായി ജീപ്പില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളുമായി ഓടിരക്ഷപ്പെട്ടു. ഇവരെ തടയാന്‍ ശ്രമിച്ച രണ്ട് പോലീസുകാരെ വെട്ടിവീഴ്ത്തിയതോടെയാണ് ഇന്‍സ്‌പെക്ടര്‍ പ്രതികളുടെ കാല്‍മുട്ടിന് താഴെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും പേരില്‍ വേറെയും കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.
0 Comments