NEWS UPDATE

6/recent/ticker-posts

വിക്‌ടോറിയ ഗൗരിക്ക് എതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി; ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി അഡീഷനൽ ജഡ്ജിയായി കേന്ദ്ര സർക്കാർ നിയമിച്ച ബിജെപി മഹിള മോർച്ച നേതാവു കൂടിയായ അഭിഭാഷക എൽ.സി.വിക്ടോറിയ ഗൗരിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് കോടതി. ഈ ഘട്ടത്തിൽ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.[www.malabarflash.com]


ജഡ്ജിയാകാൻ അനുയോജ്യയോ എന്നു കോടതിക്കു പറയാനാകില്ലെന്നും യോഗ്യത പരിശോധിക്കാൻ മാത്രമേ കോടതിക്കാകൂ എന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ.ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അതേസമയം, അഡീഷനൽ ജഡ‍്ജിയായി വിക്ടോറി ഗൗരി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്.

നേരത്തെ, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ 9.15ന് ഹർജി പരിഗണിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു വിക്ടോറിയയെ ജഡ്‌ജിയായി നിയമിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ട തീരുമാനം.

ബിജെപിയുടെ മഹിള മോർച്ച ജനറൽ സെക്രട്ടറിയാണു താനെന്നു ഗൗരി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊളീജിയം പേരു ശുപാർശ ചെയ്തതിനു പിന്നാലെ, ന്യൂനപക്ഷങ്ങൾക്കെതിരായ ഇവരുടെ നിലപാടു ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിയെത്തിയത്. മദ്രാസ് അഭിഭാഷക ബാറിലെ ചിലരും ഗൗരിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി 10നു പരിഗണിക്കാനിരിക്കെയാണു നിയമനവിവരം നിയമമന്ത്രി കിരൺ റിജിജു പ്രഖ്യാപിച്ചത്. തുടർന്നു ഹർജി അടിയന്തരമായി പരിഗണിക്കണമെന്നു ഹർജിക്കാരുടെ അഭിഭാഷകൻ രാജു രാമചന്ദ്രൻ ആവശ്യപ്പെട്ടു.

അയോഗ്യത ബോധ്യപ്പെട്ടാൽ രാഷ്ട്രപതിയുടെ വിജ്ഞാപനം ഒഴിവാക്കാൻ കോടതിക്ക് ഇടപെടാവുന്നതാണെന്നു മുൻകാല വിധികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരെക്കുറിച്ചുള്ള പല സുപ്രധാന വിവരങ്ങൾ കൊളീജിയത്തിൽനിന്നു മറച്ചുവച്ചുവെന്നും ഹർജിക്കാർ പറഞ്ഞു. നിയമന ഉത്തരവു റദ്ദാക്കണമെന്നാണ് അഭിഭാഷകരായ അന്ന മാത്യൂസ്, സുധാ രാമലിംഗം, ഡി. നാഗശില എന്നിവർ നൽകിയ ഹർജിയിലുള്ളത്.

Post a Comment

0 Comments