NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ക്ഷേത്രത്തിൽ കലംകനിപ്പ് മഹാനിവേദ്യം വെള്ളിയാഴ്ച

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ മകരത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യത്തിന് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും . ശനിയാഴ്ച രാവിലെ സമാപിക്കും. ധനുമാസത്തിലെ ചെറിയ കലംകനിപ്പിന് ശേഷം മകരത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച വലിയ കലംകനിപ്പ് നടത്തുന്നതാണ് രീതി.[www.malabarflash.com]

രാവിലെ 10 നകം ഭണ്ഡാര വീട്ടിൽ നിന്ന് പണ്ടാരക്കലം ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. സമീപ പ്രദേശത്തുനിന്നുള്ള വീടുകളിൽ നിന്ന് നിവേദ്യക്കലങ്ങളുമായി പണ്ടാരക്കലത്തെ അനുഗമിക്കും.
തുടർന്ന് കഴകപരിധിയിലെ വിവിധ പ്രാദേശിക സമിതികളിൽ നിന്ന് നിവേദ്യക്കലങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തും.

സ്ത്രീകൾ വ്രതശുദ്ധിയോടെ പുത്തൻ മൺകലത്തിൽ ഉണക്കലരി, ശർക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക എന്നിവ നിറച്ച് വാഴയിലകൊണ്ട് കലത്തിന്റെ വായ മൂടിക്കെട്ടി തലയിൽ വെച്ച് കൈയിൽ കുരുത്തോലയുമായി കാൽനടയായി ക്ഷേത്രത്തിലെത്തും. രോഗമുക്തിക്കും ഇഷ്ടകാര്യസിദ്ധിക്കും വേണ്ടിയാണ്‌ ഈ നേർച്ച സമർപ്പണം.

കഴക പരിധിയിലെ നാല് പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്ന് അതാത് സമിതി
കളുടെ നേതൃത്വത്തിൽ വാദ്യ ചെണ്ട മേളങ്ങളോടെ ഘോഷയാത്രയോടെയാണ്‌ കലങ്ങൾ എത്തുക. കലങ്ങളിൽ നിന്ന് വിഭവങ്ങൾ വേർതിരിച്ച് ചോറും അടയും ഉണ്ടാക്കി കലങ്ങളിൽ നിറച്ച് നിവേദിച്ച ശേഷം കലശാട്ടും കഴിഞ്ഞ് ശനിയാഴ്ച രാവിലെ തിരിച്ചു നൽകും. 

കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആഘോഷങ്ങളില്ലാതെ ചടങ്ങിൽ ഒതുക്കിയാണ്‌ കലങ്ങൾ സമർപ്പിച്ചിരുന്നത്. ഇത്തവണ പത്തായിരത്തോളം നേർച്ച കലങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ പറഞ്ഞു. 

കലം സമർപ്പിച്ചശേഷം വ്രതം അവസാനിപ്പിക്കാൻ ക്ഷേത്രത്തിൽ പാകം ചെയ്യുന്ന ഉണക്കലരി കഞ്ഞിയും മാങ്ങ അച്ചാറും 'മങ്ങണ'ത്തിൽ വിളമ്പികൊടുക്കും. കോവിഡ് നിയന്ത്രണത്തിന് ശേഷമെത്തുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് പ്രതീക്ഷിക്കുന്ന വൻ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കുന്നതെന്നും ഭക്തജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments