Top News

എസ്.ഐയ്ക്ക് കൈക്കൂലി മൂന്നരലക്ഷം രൂപയും ഐഫോണും; ആദ്യഗഡു 50000 രൂപ വാങ്ങുന്നതിനിടെ പിടിയിൽ


മലപ്പുറം: ഇടനിലക്കാരൻ വഴി വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ ക്രൈംബ്രാഞ്ച് എസ്.ഐയെ വിജിലൻസ് പിടികൂടി. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ സുഹൈലിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.[www.malabarflash.com]

അന്വേഷണം നടന്നുവരുന്ന വഞ്ചനാ കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സെുഹൈലിനെയും ഇടനിലക്കാരൻ മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനേയും വിജിലന്‍സ് പിടികൂടിയത്.

2017ൽ മലപ്പുറം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പരാതിക്കാരൻ. ഈ കേസിൽ 2019ൽ ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ ഇദ്ദേഹം ബംഗളുരുവിൽനിന്ന് അറസ്റ്റിലായിരുന്നു. വളരെ വേഗം ജാമ്യം ലഭിച്ചെങ്കിലും, കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുഹൈൽ പരാതിക്കാരനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. കൂടുതൽ വാറണ്ടുകളുണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ കേസിൽനിന്ന് ഊരാൻ സഹായിക്കാമെന്നും പറഞ്ഞു.

മൂന്നര ലക്ഷം രൂപയും ഐഫോൺ 14 മോഡലും വാങ്ങി നൽകണമെന്നതായിരുന്നു സുഹൈലിന്‍റെ ആവശ്യം. ഇതനുസരിച്ച് കറുത്ത ഐഫോൺ 14 വാങ്ങി ഇടനിലക്കാരനായ മുഹമ്മദ് ബഷീറിനെ ഏൽപ്പിച്ചു. എന്നാൽ തനിക്ക് നീല നിറത്തിലുള്ള മുന്തിയ മോഡൽ ഐഫോൺ(256 ജിബി) വേണമെന്ന ആവശ്യം സുഹൈൽ ഉന്നയിച്ചു. ഇതനുസരിച്ച് 2023 ജനുവരി 23ന് കറുത്ത ഐഫോൺ ഇടനിലക്കാരൻ വഴി തിരികെ നൽകുകയും ചെയ്തു.

പണവും ആവശ്യപ്പെട്ട ഐഫോണും എത്രയും വേഗം നൽകണമെന്നും, ഇല്ലെങ്കിൽ കേസ് ബലപ്പെടുത്തുമെന്നും സുഹൈൽ നിരന്തരം പരാതിക്കാരനെ ഭീഷണിപ്പെടുത്തി. സാമ്പത്തികപ്രതിസന്ധിയുണ്ടെന്നും കുറച്ചു സാവകാശം വേണമെന്നും സുഹൈലിനെ പരാതിക്കാരൻ അറിയിച്ചു. എസ്.ഐയുടെ ഭീഷണി അസഹനീയമായതോടെ യുവാവ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനെ നേരിട്ട് കണ്ടു പരാതി നൽകി. ഇതോടെ കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐയെ പിടികൂടാൻ വിജിലന്‍സ് വടക്കന്‍ മേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന് മനോജ് എബ്രഹാം നിർദേശം നൽകി.

Post a Comment

Previous Post Next Post