NEWS UPDATE

6/recent/ticker-posts

യുവാവ് കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ മരണ വീട്ടിലെത്തിയ അയല്‍വാസിയും മരിച്ചു

കാസര്‍കോട്: എസ്.ടി.യു പ്രവര്‍ത്തകനായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മരണ വിവരമറിഞ്ഞ് യുവാവിന്റെ വീട്ടിലെത്തിയ അയല്‍വാസി സ്ത്രീ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടും മരിക്കുകയുണ്ടായി. നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ രണ്ട് മരണങ്ങള്‍ നടന്നത്.[www.malabarflash.com]

റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന സെക്രട്ടറിയും മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ പടിഞ്ഞാര്‍മൂലയിലെ മുനീര്‍(35), അയല്‍വാസിയും പരേതനായ മൂസയുടെ ഭാര്യയുമായ നഫീസ(50) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഉളിയത്തടുക്കയില്‍ നടന്ന മധൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തില്‍ മുനീര്‍ സജീവമായി പങ്കെടുത്തിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിടാനെത്തിയവരിലും മുനീറുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നായന്മാര്‍മൂലയില്‍ വെച്ച് മുനീറിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 12.45 ഓടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പിന്നീട് വീട്ടിലെത്തിച്ചു.

മരണവിവരമറിഞ്ഞ് മുനീറിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നഫീസ അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞ് വീണത്.  ആശുപ ത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മേല്‍പ്പറമ്പ്, ഉളിയത്തടുക്ക ഭാഗങ്ങളില്‍ കോഴിക്കട നടത്തിയിരുന്ന മുനീര്‍ നാട്ടിലെ പൊതുരംഗത്ത് സജീവമായിരുന്നു. മുനീറിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. അതിനിടെയുണ്ടായ നഫീസയുടെ മരണം പ്രദേശത്തിന് ഇരട്ട ആഘാതമായി. 

ഹുസൈനാറിന്റെയും ഫാത്തിമയുടെയും മകനാണ് മുനീര്‍. ഭാര്യ: നഫീസ അഡൂര്‍. സഹോദരന്‍: കബീര്‍.

നഫീസയുടെ മക്കള്‍: ഹാഷിം (ദുബായ്), ഇസ്ഹാക്, അമാനു, അനീസ, തസ്‌രീഫ. മരുമകള്‍: സഫീറ. 

മുനീറിന്റെ മയ്യത്ത് പടിഞ്ഞാര്‍മൂല മസ്ജിദ് അങ്കണത്തിലും നഫീസയുടെ മയ്യത്ത് നായന്മാര്‍മൂല മസ്ജിദ് അങ്കണത്തിലും ഖബറടക്കി.

Post a Comment

0 Comments