NEWS UPDATE

6/recent/ticker-posts

തോണിയപകടം; കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം നാലായി

തിരൂർ: മലപ്പുറം പുറത്തൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഇഷ്ടികപറമ്പിൽ കുട്ടുവിന്റെ മകൻ സലാം (55), കളൂരിലെ കുയിനിപ്പറമ്പിൽ അബൂബക്കർ (62) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.[www.malabarflash.com]


അപകടത്തിൽ രണ്ടുപേരെ രക്ഷിച്ചു. കാണാതായ സലാമിനും അബൂബക്കറിനും വേണ്ടി അർധരാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് നിർത്തിവെച്ചു. പുലർച്ചെ കോസ്റ്റ്‌ഗാർഡ്‌ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. കുറ്റിക്കാട് കടവിൽ വൈകീട്ട് ആറരയോടെയാണ് അപകടം.

സഹോദരിമാരായ നാഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവരുടെ മൃതദേഹം ശനിയാഴ്ച രാത്രി കണ്ടെടുത്തിരുന്നു. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. 

നാട്ടുകാർ രക്ഷപ്പെടുത്തിയ രണ്ടുപേർ ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. ചക്കിട്ടപ്പറമ്പിൽ ഉമ്മറിന്റെ ഭാര്യ ബീപാത്തു (65), കുറുങ്ങാട്ടിൽ നസീറിന്റെ ഭാര്യ റസിയ(42) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. പുഴയിൽ പെട്ടെന്ന് വെള്ളം പൊങ്ങിയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.

തഹസിൽദാർ പി. ഉണ്ണി, സി.ഐ. എം.ജെ. ജിജോ, പുറത്താർ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ, ജില്ലാ പഞ്ചായത്തംഗം ഇ. അഫ്സൽ എന്നിവർ സ്ഥലത്തെത്തി.

Post a Comment

0 Comments