NEWS UPDATE

6/recent/ticker-posts

പ്രിയ സ്‌നേഹിതനെ കാണാൻ ഇത്തവണയും ശൈഖ് ഉത്വയ്ബ എത്തി

കോഴിക്കോട്: ശൈഖ് അബൂബക്കർ അഹ്മദുമൊന്നിച്ച് മർകസിൽ അൽപ്പസമയം ചെലവഴിക്കുക, ഒന്നിച്ചിരുന്ന് തിരുനബിയുടെ അപദാനങ്ങൾ പാടിപ്പറയുക, അതിന്റെ ആനന്ദത്തിൽ തന്റെ പ്രിയ സ്‌നേഹിതനോടുള്ള സൗഹൃദം പുതുക്കുക. യു എ യിലെ വ്യാപാര പ്രമുഖനും കവിയുമായ ശൈഖ് ഉത്വയ്ബയുടെ വർഷങ്ങളായുള്ള പതിവാണത്. ഇടക്കാലത്ത് കൊവിഡ് വഴിമുടക്കിയ മൂന്ന് വർഷം ഒഴിച്ചു നിർത്തിയാൽ നാല് പതിറ്റാണ്ടിലധികമായിത്തുടരുന്ന ശീലം.[www.malabarflash.com]


പ്രായം 107 കടന്നെങ്കിലും തന്റെ ആത്മമിത്രം ആശുപത്രിയിലാണെന്ന് കേട്ടപ്പോൾ ശൈഖ് ഉത്വയ്ബ ഇത്തവണ മറുത്തൊന്നും ചിന്തിച്ചില്ല. ചികിത്സയിലിരിക്കുന്ന കാന്തപുരം എ പി അബുബക്കർ മുസ്ലിയാരെ കാണാൻ നേരെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക്. പതിയെ ആരോഗ്യം വീണ്ടെടുക്കുന്ന ഉസ്താദിനും ഉത്വയ്ബയുടെ വരവ് ആഹ്ളാദദായകമായി. 

കേരളത്തിലെ മൗലിദ് സദസ്സുകളെ അങ്ങേയറ്റം പ്രിയംവെക്കുന്ന ശൈഖ് ഉത്വയ്ബ, റബീഉൽ അവ്വൽ മാസമാണ് തന്റെ കേരള സന്ദർശനത്തിന് വേണ്ടി തിരഞ്ഞെടുക്കാറ്. ഉസ്താദിനോടൊപ്പം മർകസിലെയും വീട്ടിലെയും മൗലിദ് സദസ്സുകളിൽ പങ്കെടുക്കാൻ ഈ യാത്രകളിൽ ശൈഖ് ഉത്വയ്ബ പ്രത്യേകം ശ്രദ്ധിക്കും. അറബ് സാഹിത്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ശൈഖ് ഉത്വയ്ബ, പ്രവാചക പ്രകീർത്തനങ്ങൾ അടക്കം ഒട്ടനവധി കവിതകൾ രചിച്ചിട്ടുമുണ്ട്. ദീവാനു സഈദ് അഹ്മദ് ഉത്വയ്ബ എന്ന പേരിൽ ഈ കവിതകൾ ഇപ്പോൾ സമാഹരിച്ചിട്ടുണ്ട്.

ആശുപത്രിയിൽ ഉസ്താദിനോടൊപ്പം സമയം ചെലവഴിച്ച പ്രിയ സ്‌നേഹിതൻ, ദീർഘനേരം ഖുർആൻ പാരായണം ചെയ്യുകയും പ്രാർഥന നടത്തുകയും ചെയ്താണ് യാത്ര പറഞ്ഞിറങ്ങിയത്. ഉസ്താദിനു വേണ്ടി ഖുർആൻ പാരായണം ചെയ്യാനും പ്രാർഥനകൾ നടത്താനും കൂടെയുള്ളവരെയും അദ്ദേഹം ഓർമിപ്പിച്ചു. 

ഉസ്താദ് ആശുപത്രിയിലായത് മുതൽ ദിനേനയെന്നോണം അദ്ദേഹം കാര്യങ്ങൾ വിളിച്ചന്വേഷിക്കാറുണ്ടായിരുന്നു. ഉസ്താദുമായുള്ള തന്റെ സൗഹൃദത്തിന്റെ ഓർമകൾ ഡോ. അബ്ദുൽ ഹകീം അസ്ഹരിയുമായി പങ്കുവെക്കാനും അദ്ദേഹം മറന്നില്ല.

1916ൽ അബൂദബിയിലെ അൽ ദഹർ പ്രദേശത്ത് ജനിച്ച സഈദ് ബിൻ അഹ്മദ് അൽ ഉത്വയ്ബ എന്ന ശൈഖ് ഉത്വയ്ബ, സുൽത്വാൻ ശൈഖ് സായിദ് അൽ നഹ്യാനോടൊപ്പം ആധുനിക യു എ ഇയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്. രത്‌ന വ്യാപാരത്തിലൂടെ തുടങ്ങി എണ്ണ ഉത്പാദനത്തിലും റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും വ്യാപിച്ച നിരവധി വാണിജ്യ സംഭരംഭങ്ങളുടെ തലപ്പത്ത് ഉത്വയ്ബാ കുടുംബം ഉണ്ടായിരുന്നു. 

അബൂദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സ്ഥാപിച്ച് തദ്ദേശീയ കമ്പനികളെ ആധുനികവത്കരിക്കുന്നതിനും അതുവഴി അറബ് വ്യപാര ബന്ധങ്ങളെ ആഗോളവത്കരിക്കുന്നതിനും നേതൃത്വം നൽകി. ചേംബറിന്റെ സ്ഥാപക ചെയർമാനായും ദീർഘകാലം പ്രവർത്തിച്ചു. യു എ യുടെ സമ്പദ് വ്യവസ്ഥക്കും സാംസ്‌കാരിക പൈതൃകത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് അബൂദബിയിലെ പ്രശസ്തമായ ദൽമാ സ്ട്രീറ്റിനെ സഈദ് ബിൻ അഹ്മദ് അൽ ഉത്വയ്ബ സ്ട്രീറ്റ് എന്ന് യു എ ഇ പുനർനാമകരണം ചെയ്തത് ഈയടുത്താണ്.

എണ്ണയുത്പാദനത്തിന് ശേഷമുള്ള യു എ ഇയുടെ വാണിജ്യ ചരിത്രത്തിൽ ശൈഖ് ഉത്വയ്ബയെ മാറ്റിനിർത്തിയുള്ള ആഖ്യാനം സാധ്യമല്ല. ഉത്വയ്ബയുടെ മക്കളിലും പേരമക്കളിലും പലരും അറബ് വാണിജ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിൽ സ്വാധീനമുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ്. ഒപെക്കിന്റെ ദീർഘകാല മേധാവിയായിരുന്ന മന അൽ ഉത്വയ്ബ ഇദ്ദേഹത്തിന്റെ മകനാണ്.

വ്യക്തിപരമായി ഉത്വയ്ബയുമായുണ്ടായ സൗഹൃദത്തെ കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിൽ കാന്തപുരം ഉസ്താദ് വലിയ പങ്കുവഹിച്ചു. സുപ്രധാനമായ പല പദ്ധതികളെയും സംരംഭങ്ങളെയും നിർലോഭം പിന്തുണച്ച ശൈഖ് ഉത്വയ്ബ, ഉസ്താദിനുള്ള തന്റെ സ്‌നേഹോപഹാരം എന്ന നിലയിൽ ഉസ്താദിന്റെ ജന്മനാട്ടിൽ സ്‌കൂളുകളും നിരവധി വഖ്ഫുകളും സ്ഥാപിച്ചു.

യു എ യിലെ പെട്രോളിയം മേഖലയിൽ പതിനായിരങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനും ഈ സൗഹൃദം വഴിവെച്ചു. അടുത്ത തവണത്തെ കാഴ്ച മർകസിൽ വെച്ചാകാം എന്ന് ആശംസിച്ച് ശൈഖ് ഉത്വയ്ബ യാത്ര പറഞ്ഞിറങ്ങിയപ്പോൾ രണ്ട് സ്‌നേഹിതന്മാരുടെയും ആയുരാരോഗ്യത്തെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം ആ വാക്കുകളിൽ നിറഞ്ഞുനിന്നു.

Post a Comment

0 Comments