Top News

കഞ്ചാവ് വില്‍പ്പന; ആലപ്പുഴയില്‍ തട്ടുകട പൊളിച്ച് നീക്കി

ആലപ്പുഴ: കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന തട്ടുകട പൊളിച്ചു നീക്കി. ആലപ്പുഴ ചാരുംമൂട്ടില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന തട്ടുകടയാണ് എക്‌സൈസ്, പോലീസ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പൊളിച്ച് നീക്കിയത്. നൂറനാട് സ്വദേശി ഷൈജു ഖാന്റെ തട്ടുകടക്കെതിരെയായിരുന്നു നടപടി.[www.malabarflash.com]

നൂറനാട് എക്‌സൈസിന്റെ രാത്രി പട്രോളിങ്ങിനിടെ വള്ളിക്കുന്നം സ്വദേശി സന്തോഷിനെ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് കഞ്ചാവ് വില്‍ക്കുന്നതെന്നും ഷൈജു ഖാനാണ് കഞ്ചാവ് നല്‍കുന്നതെന്നും മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈജു ഖാന്റെ കടയും വീടും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്.

ഇതോടെ കടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനായി എക്‌സൈസ് പഞ്ചായത്ത് ഭരണ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തട്ടുകട പൊളിച്ച് നീക്കിയത്. കടയിലുണ്ടായിരുന്ന സാധനങ്ങള്‍ എടുത്തുമാറ്റാന്‍ അനുവാദം നല്‍കിയിരുന്നു.

കുട്ടികള്‍ക്കടക്കം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പ്പന നടത്തിവരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ് പറഞ്ഞു. കഞ്ചാവ് വില്‍പ്പന നടത്തിയതിനെതിരെ ഷൈജു ഖാനെതിരെ മുമ്പും കേസെടുത്തിട്ടുണ്ടെന്ന് എക്‌സൈസും അറിയിച്ചു.

Post a Comment

Previous Post Next Post