Top News

എസ്.കെ.എസ്.എസ്.എഫ്. യോഗത്തില്‍ സമസ്ത നേതാക്കള്‍ തമ്മില്‍ വാക്‌പോര്

കോഴിക്കോട്: ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയതിനു പിന്നാലെ സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ്. പൊതുയോഗത്തില്‍ സമസ്തയിലെ നേതാക്കള്‍ തമ്മില്‍ വാക്‌പോര്‌. സമസ്ത മുശാവറ അംഗങ്ങളായ ബഹാവുദ്ദീന്‍ നദ്വിയും ഉമര്‍ ഫൈസി മുക്കവുമാണ് രാഷ്ട്രീയ വിഷയങ്ങളെച്ചൊല്ലി ഒരേ വേദിയില്‍ പരസ്പരം ഏറ്റുമുട്ടിയത്. കോഴിക്കോട് ഫറോക്കില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ്. സമ്മേളനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.[www.malabarflash.com]


സമസ്ത അടുത്ത കാലത്തായി സ്വീകരിക്കുന്ന സി.പി.എം. ആഭിമുഖ്യത്തിനെതിരെ മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി കൂരിയാട് രംഗത്തെത്തി. വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെതിരെ ബഹാവുദ്ദീന്‍ നദ്വി വേദിയില്‍വെച്ച് തുറന്നടിച്ചു. വഖഫ് വിഷയത്തില്‍ കൈക്കൊണ്ട നിലപാട് സമസ്തയുടെ പാരമ്പര്യത്തിന് വിരുദ്ധമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ പൂര്‍വികരായ പണ്ഡിതന്മാരില്‍ ആരും ഈ പണി ചെയ്തിട്ടില്ലെന്നും ജിഫ്രി തങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് നദ്വി തുറന്നടിച്ചു. സമുദായത്തിന്റെ ഒന്നാമത്തെ ശത്രു കമ്യൂണിസമാണെന്നും നദ്വി പറഞ്ഞു.

എന്നാല്‍ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി അതേ വേദിയില്‍വെച്ചുതന്നെ ഇതിനു മറുപടി നല്‍കി. സര്‍ക്കാരുമായി ചില കാര്യങ്ങളില്‍ ചേര്‍ന്നു നില്‍ക്കുന്നതിനെ ഇടത് ആഭിമുഖ്യമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് ഉമര്‍ ഫൈസി പറഞ്ഞത്. സമസ്തയുടെ ഒന്നാമത്തെ ശത്രു കമ്യൂണിസമല്ല, വഹാബിസവും മൗദൂദിസവുമാണെന്നും ഉമര്‍ ഫൈസി തുറന്നടിച്ചു. സമുദായ താത്പര്യം സംരക്ഷിക്കാന്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കും. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് നിലപാട് മാറ്റേണ്ടിവന്നത് സമസ്തയുടെ ഇടപെടലിനെത്തുടര്‍ന്നാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. അതേസമയം മുസ്ലിംലീഗിനെയും ഉമര്‍ ഫൈസി പരിഹസിച്ചു. സമസ്തയെ വിമര്‍ശിക്കുന്നവര്‍ തന്നെ നാളെ കമ്യൂണിസവുമായി കൂട്ടുകൂടാന്‍ പോയേക്കാം. അപ്പോള്‍ നമ്മള്‍ എങ്ങോട്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു.

Post a Comment

Previous Post Next Post