NEWS UPDATE

6/recent/ticker-posts

മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ സി കെ ശ്രീധരനും സഹപ്രവർത്തകരും ചെങ്കൊടിത്തണലിൽ

കാഞ്ഞങ്ങാട്‌: നൂറുകണക്കിന്‌ സിപിഐ എം പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ അകമ്പടി തീർത്ത ശനിയാഴ്‌ചയുടെ സായാഹ്‌നത്തിൽ ജില്ലയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ സി കെ ശ്രീധരനും സഹപ്രവർത്തകരും ചെങ്കൊടിത്തണലിൽ. നൂറോളം കോൺഗ്രസ്‌ പ്രവർത്തകരും കാഞ്ഞങ്ങാട്‌ ടൗൺഹാളിനടുത്ത്‌ ടൗൺസ്‌ക്വയറിൽ സിപിഐ എം ഒരുക്കിയ സ്വീകരണസമ്മേളനത്തിൽ പങ്കെടുത്തു.[www.malabarflash.com]


ടിബി റോഡ്‌ ജങ്‌ഷനിൽനിന്നും സി കെ ശ്രീധരനെയും സഹ പ്രവർത്തകരെയും വാദ്യമേളങ്ങളോടെ സ്വീകരിച്ചു. അപ്പോഴേക്കും ടൗൺ സ്‌ക്വയറിലെ വേദി നിറഞ്ഞുകവിഞ്ഞിരുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സി കെ ശ്രീധരൻ സിപിഐ എമ്മിലെത്തിയ രാഷ്ട്രീയ സാഹചര്യം അക്കമിട്ട്‌ വിവരിച്ചു. നയപരമായ കാരണങ്ങളാൽ, ഒരു കോൺഗ്രസ്സുകാരൻ സിപിഐ എമ്മിലേക്കെത്തുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന രാഷ്ടീയമാണെന്ന്‌ അദ്ദേഹം വിവരിച്ചു. ഒരുമണിക്കൂർ നീണ്ട പ്രസംഗം തുടരെ കൈയടികളാൽ സമൃദ്ധമായി.

സി കെ ശ്രീധരന്റെയും കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിന്റെയും പ്രസംഗത്തിലും നിറഞ്ഞ കൈയടികൾ ഉയർന്നു. ചെങ്കൊടിക്ക്‌ കീഴിൽ വിശ്രമമില്ലാത്ത പൊതുപ്രവർത്തനം ഇനിയും ഊർജസ്വലമായി തുടരുമെന്ന്‌ സി കെ ശ്രീധരൻ പ്രഖ്യാപിച്ചു.

യോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.
മുതിർന്ന നേതാക്കളായ പി കരുണാകരൻ, എ കെ നാരായണൻ, കെപിസിസി മുൻ സെക്രട്ടറി യു രതികുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, കെ വി കുഞ്ഞിരാമൻ, എം രാജഗോപാലൻ എംഎൽഎ, വി കെ രാജൻ, വി വി രമേശൻ, സാബു അബ്രഹാം, സി പ്രഭാകരൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത, വി പി പി മുസ്‌തഫ, പി അപ്പുക്കുട്ടൻ, ഏരിയാ സെക്രട്ടറി കെ രാജ്‌മോഹൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Post a Comment

0 Comments