NEWS UPDATE

6/recent/ticker-posts

കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർക്ക് ജന ഹൃദയങ്ങളുടെ യാത്രാമൊഴി

കോഴിക്കോട്: പ്രമുഖ ഇസ്‌ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരെ സ്വദേശമായ കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.[www.malabarflash.com]


കരുവൻപൊയിൽ ജുമാ മസ്ജിദിൽ വൈകുന്നേരം നാലിന് നടന്ന നിസ്കാരത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സയ്യിദ് തുറാബ് സഖാഫി, അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, ബശീർ ഫൈസി വെണ്ണക്കോട് നേതൃത്വം നൽകി. പ്രമുഖ പണ്ഡിതരും സയ്യിദുമാരുമടക്കം പതിനായിരങ്ങൾ അദ്ദേഹത്തിന് വിട നൽകാനെത്തിയിരുന്നു.

രാവിലെ 10ന് മർകസ് മസ്ജിദുൽ ഹാമിലിയിൽ നടന്ന പ്രാർഥനക്ക് മർകസ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖിയും ജനാസ നിസ്കാരത്തിന് കേരളാ മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരിയുമാണ് നേതൃത്വം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, ടി എൻ പ്രതാപൻ, ജാതി-മത സംഘടനാ ഭേദമന്യേ കേരളത്തിലുടനീളമുള്ള മത- രാഷ്ട്രീയ, സാമൂഹിക നേതാക്കൾ അദ്ദേഹത്തിൻറെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രഥമനും പ്രധാനിയുമായ ശിഷ്യനായിരുന്നു കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ. പ്രഭാഷണ മികവിലും ശബ്ദ- ആകാര പ്രകൃതികളിലും ഇരുവർക്കുമിടയിൽ വലിയ സമാനതകളുണ്ടായിരുന്നു. ഈ സാദൃശ്യമാണ് ‘ചെറിയ എ പി ഉസ്താദ്’ എന്ന് ജനങ്ങൾ വിളിക്കാൻ കാരണമായത്. കാന്തപുരത്തെ ജുമാ മസ്ജിദിൽ മൂന്നര പതിറ്റാണ്ടോളം ദർസ് നടത്തിയതിനാൽ ആ സ്ഥലവും പേരിനൊപ്പം ചേർന്നു.

പിന്നീട് 2007ൽ മർകസിലെ സീനിയർ മുദരിസായി സേവനം ആരംഭിക്കുകയും കാന്തപുരത്തിൻ്റെ അഭാവത്തിൽ വിദ്യാർഥികൾക്ക് വിശ്രുത ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരി അധ്യാപനം നടത്തുകയും ചെയ്തിരുന്നത് മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. മത, സാമൂഹിക, സംഘടനാ രംഗത്ത് നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഇസ്ലാമിക മത നിയമങ്ങൾ (ഫത്‌വ) നൽകുന്നതിലും എഴുത്തിലും പ്രഭാഷണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എല്ലാവരോടും പുഞ്ചിരിയോടെ സമീപിക്കുന്ന അദ്ദേഹം, സംഘടനാ ഭേദമന്യേ മുഴുവൻ ആളുകൾക്കും സുസമ്മതനായിരുന്നു.

Post a Comment

0 Comments