Top News

'പ്രളയ ദുരിതാശ്വാസതുക നല്‍കിയില്ല'; ദുരന്തനിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു

കൊച്ചി: പ്രളയ ദുരിതാശ്വാസ തുക നല്‍കാത്തതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു. മുന്‍സിഫ് കോടതിയുടേതാണ് നടപടി. എറണാകുളം കളക്ടറേറ്റില്‍ എത്തിയാണ് വാഹനത്തില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചത്.[www.malabarflash.com]

കടമക്കുടി സ്വദേശി കെ പി സാജുവിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ പ്രളയത്തില്‍ സാജുവിന്റെ വീട് വിണ്ടുകീറി വാസയോഗ്യമല്ലാതായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തി നാശനഷ്ടങ്ങളുടെ കണക്ക് എടുത്ത് മടങ്ങിയെങ്കിലും കാര്യമായ സാമ്പത്തിക സഹായം ലഭിച്ചില്ല. 10,000 രൂപ മാത്രമാണ് ലഭിച്ചതെന്നും കൂടുതല്‍ തുക അനുവദിക്കാന്‍ ദുരന്തനിവാരണ വിഭാഗം തയ്യാറായില്ലെന്നും പരാതിയുണ്ടായിരുന്നു.

ഇതിനിടെ ഈ വര്‍ഷം കലൂരില്‍ നടന്ന അദാലത്തില്‍ നല്‍കിയ പരാതിയില്‍ 2,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായിരുന്നു. ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സാജു കോടതിയെ സമീപിച്ചത്. 

പണമില്ലാത്തതിനാലാണ് നഷ്ടപരിഹാരം നല്‍കാത്തതെന്നും ഫയല്‍ ഒപ്പിട്ട് ലഭിച്ചില്ലെന്നുമായിരുന്നു കോടതിയുടെ ചോദ്യത്തിന് മറുപടിയായി ഡപ്യുട്ടി കളക്ടര്‍ അറിയിച്ചത്. മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് അതോറിറ്റിയുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Post a Comment

Previous Post Next Post