Top News

ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമം; എഎസ്ഐക്കെതിരെ പോക്സോ കേസ്

കൽപറ്റ: വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐ ടി.ജി.ബാബുവിനെതിരെ പോക്സോ കേസ്. തെളിവെടുപ്പിനിടെയാണ് എഎസ്‌ഐയുടെ അതിക്രമം. പതിനേഴുകാരിയുടെ പരാതിയില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തു.[www.malabarflash.com]

ഊട്ടിയില്‍ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ ഇയാൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ.നായരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.

കഴിഞ്ഞ മാസം 26നാണ് സംഭവം. സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട യുവാക്കൾ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഊട്ടിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി അവിടേയ്ക്കു കൊണ്ടുപോയത്. എഎസ്‌ഐ ബാബുവിനൊപ്പം എസ്ഐ സോബിനും ഒരു വനിതാ ഉദ്യോഗസ്ഥയുമുണ്ടായിരുന്നു. ഒരു ലോഡ്‌ജിൽ തെളിവെടുപ്പിനു ശേഷം തിരികെ വരുമ്പോൾ പെൺകുട്ടിയെ എഎസ്ഐ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടിയുടെ ഫോട്ടോ എടുക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്നാണ് പരാതി. സിഡബ്ല്യുസി വഴിയാണ് പെൺകുട്ടി എഎസ്ഐക്കെതിരെ പോലീസിൽ പരാതി നൽകിയത്. പിന്നീ‍ട് എസ‌്‌പി ഇടപെട്ട് സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

Post a Comment

Previous Post Next Post