NEWS UPDATE

6/recent/ticker-posts

കൈവിരലില്‍ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി പടന്നക്കാട് കരുവളത്തെ ശ്രീഹരി


കൈവിരലില്‍ പുസ്തകം കറക്കുന്നതില്‍ വിരുതനായ പടന്നക്കാട് കരുവളത്തെ ശ്രീഹരിക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്. ഒരു വിരലില്‍ ഒരു മണിക്കൂറിലേറെ നേരം നിര്‍ത്താതെ പുസ്തകം കറക്കിയാണ് ഈ പ്ലസ്ടു വിദ്യാര്‍ത്ഥി റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്.[www.malabarflash.com]

വളരെ ചെറിയ പ്രായത്തില്‍ തന്നെ കലാ കായിക രംഗത്ത് തല്‍പര്യം പ്രകടിപ്പിച്ചിരുന്ന ശ്രീഹരിയില്‍ അക്കാലത്ത് എപ്പോഴോ ആണ് അവിചാരിതമായി കറക്കല്‍ ശീലവും കടന്നു കൂടിയത്. ശീലം പതിവായതോടെ അതില്‍ തഴക്കവും പഴക്കവും വന്നു. ഇപ്പോള്‍ പരന്നതെന്തും കൈയില്‍ കിട്ടിയാല്‍ അത് എത്ര സമയം വേണമെങ്കിലും അനായാസം തന്നെ കറക്കാന്‍ ശ്രീഹരിക്കാവും അതും വളരെ വേഗത്തില്‍ തന്നെ. 

പലപ്പോഴും പുസ്തകങ്ങളും പാത്രങ്ങളുമാണ് ഈ വിരുതന്റെ വിരലിലിരുന്ന് കൂടുതലും കറങ്ങാറുള്ളത്. ഈ കഴിവിനെ ശ്രീഹരി അത്ര വലിയ കാര്യമായി കണ്ടിരുന്നില്ല എന്നുള്ളതും കൗതുകമാണ്. ഒടുവില്‍ വീട്ടുക്കാരുടേയും കൂട്ടുകാരുടേയും പ്രേരണയ്ക്ക് വഴങ്ങിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക് അപേക്ഷിച്ചത്. അതും തെല്ലും പ്രതീക്ഷയില്ലാതെ തന്നെ. പ്രകടനം അംഗീകരിച്ചതായുള്ള അറിയിപ്പുമായി ഔദ്യോഗികമായ ഫോണ്‍ വന്നപ്പോഴും സംശയം അവശേഷിച്ചു. 

പിന്നീട് ഇതിന്റെ സാക്ഷ്യപത്രം നേരിട്ട് കൈയില്‍ കിട്ടിയതോടെയാണ് സംഭവം കളിയല്ല കാര്യമാണെന്നന്ന് തിരിച്ചറിഞ്ഞത്. ഒരു വിരലില്‍ ഒരു മണിക്കൂര്‍ മൂന്ന് മിനുറ്റ് 15 സെക്കന്റ് സമയം നിര്‍ത്താതെ പുസ്തകം കറക്കിയാണ് ഈ മിടുക്കന്‍ അപൂര്‍വ്വതകളുടെ റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. ഇപ്പോള്‍ ശ്രീഹരിയെ തങ്ങളുടെ ശ്രീയായി കണ്ട് അഭിമാനിക്കുകയാണ് വീടും നാടും ഒപ്പം വിദ്യാര്‍ത്ഥികളും. 

ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ശ്രീഹരി മുന്‍ പ്രവാസിയും പെട്രോള്‍ പമ്പ് ജീവനക്കാരനുമായ പടന്നക്കാട് കരുവളത്തെ പവിത്രന്‍ അച്ചാംതുരുത്തിയുടെയും ശാന്തയുടേയും മകനാണ്. 


പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ശ്രീക്കുട്ടി സഹോദരിയാണ്. ശ്രീഹരി നേരത്തേ ജൂനിയര്‍ ബെയ്സ് ബോള്‍ കാസര്‍കോട് ജില്ലാ ടീമംഗമായിരുന്നു. കൂടാതെ അലാമികളിപോലുള്ള നാടന്‍ കലാപ്രകടനങ്ങളിലും പങ്കെടുത്തും ആളുകളുടെ പ്രീയം പിടിച്ചു പറ്റിയിരുന്നു.

Post a Comment

0 Comments