Top News

കാലിക്കറ്റ് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്

കോഴിക്കോട് : അതീവസംരക്ഷണ പ്രാധന്യമര്‍ഹിക്കുന്ന സസ്യജനുസ്സുകളെക്കുറിച്ചു പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്. കോഴിക്കോട് സ്വദേശികളായ എം കെ അഖില്‍, ഡോ. എ പി ജനീഷ, പത്തനംതിട്ട സ്വദേശി എസ് അലന്‍ തോമസ് എന്നിവര്‍ക്കാണ് ഗവേഷണ സഹായം.[www.malabarflash.com]

യുഎസ്എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസ്‌നേരിയഡ് സൊസൈറ്റി നല്‍കുന്ന എല്‍വിന്‍ മക്‌ഡൊണാള്‍ഡ് എന്‍ഡോവ്മെന്റ് ഫണ്ടിനായാണ് ജനീഷയും അഖിലും തിരഞ്ഞെടുക്കപ്പെട്ടത്.

ബോട്ടണി പഠനവകുപ്പിലെ പ്രൊഫസറായ ഡോ. സന്തോഷ് നമ്പിയുടെ കീഴിലാണ് ഇവരുടെ ഗവേഷണം. ദക്ഷിണേന്ത്യയിലെ ജസ്‌നേറിയസിയെ സസ്യകുടുംബത്തെക്കുറിച്ച് ഗവേഷണം പൂര്‍ത്തിയാക്കിയ ജനീഷ നിലവില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ബോട്ടണി വിഭാഗം അസി. പ്രൊഫസറാണ്. ഇന്ത്യയിലെ 'എസ്‌കിനാന്തസ്' ജനുസ്സിനെ കേന്ദ്രീകരിച്ചാണ് അഖിലിന്റെ ഗവേഷണം.

വാഷിങ്ടണും യൂറോപ്പിലെ ബ്രാട്ടിസ്ലാവയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ പ്ലാന്റ് ടാക്സോണമിയുടെ ഗവേഷണഗ്രാന്റിനാണ് അലന്‍ തോമസ് അര്‍ഹനായത്. 

ലാമിയസിയെ സസ്യകുടുംബത്തിലെ 'ഐസോഡണ്‍' ജനുസ്സിനെ കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍ക്കാണ് സഹായം. ബോട്ടണി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. പി. സുനോജ്കുമാറിന്റെ കീഴിലാണ് അലന്‍ ഗവേഷണം നടത്തുന്നത്.

Post a Comment

Previous Post Next Post