NEWS UPDATE

6/recent/ticker-posts

വിങ്ങുന്ന ഹൃദയങ്ങളുമായി മിൻസ മോൾക്ക്​ കണ്ണീരോടെ വിടചൊല്ലി ഖത്തർ

ദോഹ: രണ്ടു ദിവസമായി പ്രവാസമണ്ണിന്‍റെ നൊമ്പരമായി മാറിയ മലയാളി ബാലിക മിൻസ മറിയം ജേക്കബിന്​ ദോഹ കണ്ണീരോടെ വിടനൽകി. നടപടികൾ, പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച രാത്രി 1.30 നുള്ള ഖത്തർ എയർവേസ്​ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി.[www.malabarflash.com]

രാവിലെ 8.30ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. ​പോലീസ്​ പരിശോധനയും അന്വേഷണവും പുർത്തിയാക്കിയതിനു ശേഷം, ​ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹമദ്​ ആശുപത്രി മോർച്ചറി പരിസരത്ത്​ ​മൃതദേഹം പൊതു ദർശനത്തിന്​ വെച്ചിരുന്നു. പ്രവാസികളും ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ്​ ഒരു നോക്കു കാണാനും അന്ത്യഞ്ജലി അർപ്പിക്കാനുമായി എത്തിയത്​. ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ, എംബസി ഉദ്യോഗസ്ഥർ, കമ്യൂണിറ്റി നേതാക്കൾ എന്നിവരും ​മോർച്ചറി പരിസരത്തെത്തി.

ദോഹ സ്​പ്രിങ്​ ഫീൽഡ്​ കിൻഡർഗർട്ടനിലെ കെ.ജി വിദ്യാർഥിനിയായ നാലുവയസ്സുകാരി മിൻസ മറിയം ഞായറാഴ്ചയായിരുന്നു സ്കൂൾ ബസിൽ മരിച്ചത്​. വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള ​യാത്രക്കിടയിൽ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത്​ അറിയാതെ ഡ്രൈവർ ഡോർ അടച്ചു പോയതിനെ തുടർന്നായിരുന്നു ദാരുണമായ ദുരന്തം സംഭവിച്ചത്​. ഉച്ചയോടെ ബസ്​ എടുക്കാനെത്തിയ ജീവനക്കാരാണ്​ കുട്ടിയെ കണ്ടെത്തുന്നത്​. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം കോട്ടയം ചിങ്ങവനത്തെ വീട്ടിലേക്ക്​ കൊണ്ടുപോകും. പിതാവ്​ അഭിലാ​ഷ്​ ചാക്കോ, മാതാവ്​ സൗമ്യ, സഹോദരി മിഖ എന്നിവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്​.

ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ പൊതുസമൂഹത്തെ കണ്ണീരിലാഴ്ത്തിയ സംഭവത്തിനു പിന്നാലെ അധികൃതർ കർശന നടപടിയുമായി രംഗത്തെത്തി. വിദ്യഭ്യാസ- ആഭ്യന്തര മ​ന്ത്രാലയങ്ങൾ അന്വേഷണം ആരംഭിക്കുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്​തമാക്കി. ഏതാനും പേരെ അറസ്റ്റ്​ ചെയ്തതായും  സൂചനയുണ്ട്​.

ഖത്തർ വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മ​​ന്ത്രി ബുതൈന ബിൻത്​ അലി അൽ നുഐമി, വിദ്യഭ്യാസ മ​ന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവർ തിങ്കളാഴ്ച മതാപിതാക്കളെ സന്ദർശിച്ച്​ ആശ്വസിപ്പിച്ചിരുന്നു.

Post a Comment

0 Comments