NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളം റെയിൽവേ നടപ്പാലവും ചവിട്ടുപടികളും സ്വന്തമാക്കി തെരുവ്നായ്ക്കൾ

പാലക്കുന്ന്: കാൽനട യാത്രക്കാർക്ക് ഭീഷണിയായി അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ റോഡുകൾ കയ്യടക്കുന്ന വാർത്തകൾക്ക് ഇപ്പോൾ പ്രസക്തി തന്നെ ഇല്ലാതായി. പക്ഷേ, റെയിൽവേ ഗേറ്റ് അടച്ചാൽ അപ്പുറം കടക്കാനുള്ള ഏക വഴിപോലും നായ്ക്കൾ കയ്യടക്കിയതോടെ കോട്ടിക്കുളം റെയിൽവേ നടപ്പാലത്തിൽ യാത്ര ചെയ്യാനാവാതെ ദുരിതത്തിലായ കഥയാണ്‌ പാലക്കുന്നിലെ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പറയാനുള്ളത്.[www.malabarflash.com] 

നടപ്പാലവും അതിന്റെ ചവിട്ടു പടികളും നായ്ക്കൾ വാസസ്ഥലമാക്കിയിരിക്കുകയാണിവിടെ. അവയെ പേടിച്ചാരും ആ വഴി നടക്കാനാവാത്ത അവസ്ഥ. എപ്പോൾ കടി വരുമെന്ന് ഭയന്ന്, നായ്ക്കളെ കണ്ട് ഭയന്നോടുന്ന സ്കൂൾ കുട്ടികൾ ഏറെയാണ്‌. കഴിഞ്ഞ ദിവസം ഒരു കുട്ടിയെ നായ്ക്കൂട്ടം ആക്രമിക്കാൻ തുനിഞ്ഞപ്പോൾ റെയിൽവേ ജീവനക്കാരനാണ് രക്ഷപ്പെടുത്തിയത്. ഇതുപോലുള്ള സംഭവങ്ങൾ ഇവിടെ പതിവാണെന്നാണ് ജനങ്ങൾ പറയുന്നത്. 

റെയിൽവേ ഗേറ്റുകൾ അടച്ചിടുമ്പോൾ അപ്പുറം കടക്കാനാണ് യാത്രക്കാർ നടപ്പാലം ഉപയോഗിക്കുന്നത്. നായ്ക്കളെ ഭയന്ന് പലരും ഇതിലൂടെ നടന്നുപോകാൻ ഭയപ്പെടുകയാണിപ്പോൾ. വിവിധ ഇടങ്ങളിലായി രണ്ടും മൂന്നുപേരുമടങ്ങുന്ന ശുനകസംഘം സദാസമയം പ്ലാറ്റ്ഫോമിലെ സ്ഥിരം കാഴ്ചയാണിവിടെ . ഓടിക്കാൻ ശ്രമിച്ചാൽ തിരിഞ്ഞു കടിച്ചാലോ എന്ന പേടിയും. 

പകൽ സമയം അന്നം തേടി പാലക്കുന്ന് ടൗണിൽ അലഞ്ഞു നടക്കുന്ന ഈ തെരുവ് നായ്ക്കൾ വൈകുന്നേരമാകുമ്പോൾ പ്ലാറ്റ്ഫോം കയ്യടക്കും.അന്തി ഉറക്കം പുലരും വരെ അവിടെ തന്നെ.

Post a Comment

0 Comments