NEWS UPDATE

6/recent/ticker-posts

'വാരിയന്‍ കുന്നന്റെയും ആലി മുസ്ലിയാരുടെയും രക്തസാക്ഷിത്വം തിരസ്‌കരിക്കാന്‍ ആര്‍ക്കും കഴിയില്ല'; ഹിന്ദുഐക്യവേദിക്ക് സിപിഐഎം മറുപടി

മലപ്പുറം: നാടിന്റെ സമാധാനന്തരീക്ഷവും മതസൗഹാര്‍ദം തകര്‍ക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനുമാണ് മലബാര്‍ കലാപത്തെ ഇകഴ്ത്തി കാണിക്കുന്നതിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്.[www.malabarflash.com]

മലബാര്‍ കലാപത്തിലെ പോരാളികള്‍ക്ക് നാടിന്റെ പലഭാഗത്തും സ്മാരകങ്ങള്‍ ഉണ്ട്. എന്നാല്‍ മലപ്പുറത്ത് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരായ ഹിന്ദു ഐക്യവേദിയുടെ പേരിലുള്ള സമരം കരുതികൂട്ടിയുള്ളതാണെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു. 

സാമ്രാജ്യത്തെ വിരുദ്ധ പോരാട്ടത്തിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമാണ് മലബാര്‍ കലാപം. അനുസ്മരിക്കപ്പെടേണ്ട രക്തസാക്ഷികളുടെ പട്ടികയിലാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും, ആലി മുസ്ലിയാരുടെയും സ്ഥാനം. പൂക്കോട്ടൂരിലെ പോരാളികള്‍ രക്തസാക്ഷിത്വം വരിച്ചത് നാടിനു വേണ്ടിയാണ്. ഇതൊന്നും തിരസ്‌കരിക്കാന്‍ ആര്‍ക്കും കഴിയില്ല.

മലപ്പുറം ടൗണ്‍ ഹാള്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മരണയിലാണ്. തിരൂരിലെ ടൗണ്‍ഹാള്‍ മലബാര്‍ കലാപത്തിന്റെ ഭാഗമായി നടന്ന അതിക്രൂരമായ വാഗന്‍ കൂട്ടക്കൊലയുടെ സ്മാരകമാണ്. പന്തല്ലൂരില്‍ ആലി മുസ്ലിയാരുടെ സ്മരണയില്‍ മുനിസിപ്പല്‍ ലൈബ്രറിയും ഉണ്ട്. ഇത് ഉള്‍പ്പെടെയുള്ള നിരവധി സ്മാരകങ്ങള്‍ ജില്ലയിലുണ്ട്. ഇതൊക്കെയുണ്ടായിട്ടും നാടിന്റെ ഐക്യവും സൗഹൃദവും തകര്‍ക്കാനാണ് ഹിന്ദു ഐക്യവേദിയുടെ ഇപ്പോഴത്തെ ശ്രമം. 

ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഉള്ള സംഘപരിവാര്‍ നീക്കത്തെ ജാഗ്രതയോടെ കാണേണ്ടതുണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Post a Comment

0 Comments