Top News

പാദസരം മുറിച്ചെടുത്ത് ഓടിയ കള്ളനെ ഓടിച്ചിട്ട് പിടികൂടി പിതാവും മക്കളും

കാഞ്ഞങ്ങാട്: നട്ടപ്പാതിരക്ക് വീട്ടുവാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ കള്ളന് പാദസരം മുറിച്ചെടുത്തതേ ഓർമയുള്ളൂ. പിന്നെ ​ഒരോ​ട്ടമായിരുന്നു. ശരിക്കും ഒന്നൊന്നര ഓട്ടം. ഒരുകിലോമീറ്ററോളം പിന്നാലെ ഓടി വീട്ടുകാർ കള്ളനെ കൈയോടെ പിടികൂടി. ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ വിളിച്ച് പെരുങ്കള്ളനെ പൊലീസിനെ ഏൽപ്പിച്ചു. കാഞ്ഞങ്ങാട്ട് അതിഞ്ഞാലിന് സമീപം ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.[www.malabarflash.com]


അതിഞ്ഞാൽ പടിഞ്ഞാറ് ഇട്ടമ്മൽ ബദർ മസ്ജിദിന് സമീപം താമസിക്കുന്ന ജലാൽ മൊയ്‌തീൻ്റെ വീട്ടിൽ കയറിയ കള്ളനെയാണ് വീട്ടുകാർ പിടികൂടിയത്. പാലക്കാട് ജില്ലയിൽ ഒട്ടേറെ കേസുള്ള ചെർപ്പുളശ്ശേരി ചക്കിങ്ങൽ ചൊടി സ്വദേശി നൗഷാദ് (40) ആണ് പിടിയിലായത്. ജലാൽ മൊയ്‌തീന്റെ മകളുടെയും ഭാര്യയുടെയും പാദസരം ആയുധമുപയോഗിച്ച് മുറിച്ച് എടുക്കുന്നതിനിടയിൽ ഇവർ ഞെട്ടി ഉണർന്നു. ഇതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടി.

ജമാൽ മൊയ്‌തീനും മക്കളായ ജൈഹാനും ജൈശാനും കള്ളനു പിന്നാലെ ഓടി. കള്ളന്റെ കൈയിലുണ്ടായ ബാഗ് പരിശോധിച്ചപ്പോൾ നഷ്ടപ്പെട്ട അഞ്ച് പവനോളമുള്ള പാദസരങ്ങൾ കിട്ടി. ഉളി, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളും കണ്ടെത്തി.
ചില്ലറക്കാരനല്ല ഈ കള്ളൻ. ആറ് അടിയോളം പൊക്കവും ദൃഢഗാത്രനുമായ കവർച്ചക്കാരനെ 55 കാരനായ മൊയ്‌തീനും 21 വയസ്സുകാരായ ഇരട്ട സഹോദരങ്ങളും കൂടിയാണ് കീഴ്പ്പെടുത്തിയത്. ഓടുന്നതിനിടെ വീഴ്ചയിൽ പ്രതിക്ക് സാരമായ പരിക്കേറ്റു. കള്ളൻ അബോധാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇൻസ്പെക്ടർ കെ.പി. ഷൈൻ പറഞ്ഞു.

Post a Comment

Previous Post Next Post