ലഹരിക്ക് അടിമപ്പെട്ട് ഇതില്‍ നിന്ന് മോചനം നേടാനായി ഡീ അഡിക്ഷൻ സെന്‍ററില്‍ പ്രവേശിക്കപ്പെട്ട യുവാവിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവം. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.[www.malabarflash.com]
മുപ്പത്തിരണ്ട് വയസായ യുവാവ് ലഹരിമരുന്നിന് അടിമയായി മാറിയതോടെ വീട്ടുകാരാണത്രേ ഡീ അഡിക്ഷൻ സെന്‍ററില്‍ കൊണ്ടെത്തിച്ചത്. ഇവിടെ ചികിത്സയില്‍ തുടരവെയാണ് യുവാവിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായത്. യുവാവിന് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥ വരികയും, ആകെ അവശാനാവുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ യുവാവിന് എന്താണ് സംഭവിച്ചതെന്ന് ഡീ അഡിക്ഷൻ സെന്‍ററിലെ ആര്‍ക്കും മനസിലായില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് നടത്തിയ സ്കാനിംഗിലാണ് ഡോക്ടര്‍മാര്‍ ഞെട്ടിക്കുന്ന സംഗതി മനസിലാക്കിയത്. യുവാവിന്‍റെ വയറ്റില്‍ മെറ്റല്‍ കൊണ്ടുണ്ടാക്കിയ എന്തോ ഉപകരണങ്ങള്‍ കാര്യമായി പെട്ടിരിക്കുന്നു. ആമാശയം ആകെയും ഇതിനാല്‍ നിറഞ്ഞിരിക്കുകയാണ്.
ഇതെക്കുറിച്ച് യുവാവിനോട് തന്നെ ചോദിച്ചപ്പോള്‍ അയാള്‍ താൻ സ്റ്റീല്‍ സ്പൂണുകള്‍ വിഴുങ്ങാറുണ്ടെന്ന് ഉത്തരം പറഞ്ഞു. ഒരു വര്‍ഷത്തോളമായി ഈ ശീലമുണ്ടെന്നും ഇദ്ദേഹം ഡോക്ടര്‍മാരോട് സമ്മതിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ശസ്ത്രക്രിയയിലൂടെ 63 സ്പൂണുകളാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തിരിക്കുന്നത്. അപൂര്‍വമായ ഈ സംഭവമിപ്പോള്‍ കാര്യമായ രീതിയിലാണ് വാര്‍ത്താശ്രദ്ധ നേടുന്നത്. യുവാവിന്‍റെ വീട്ടുകാരാണെങ്കില്‍, ഡീ അഡിക്ഷൻ സെന്‍ററിലെ ജീവനക്കാരെയാണ് കുറ്റപ്പെടുത്തുന്നത്. അവിടെ വച്ചാണിത് സംഭവിച്ചതെന്നും, അവര്‍ ബലമായി യുവാവിനെ കൊണ്ട് സ്പൂണ്‍ വിഴുങ്ങിക്കുകയായിരുന്നുവെന്നുമാണ് ഇവരുടെ ആരോപണം. ഇക്കാര്യങ്ങളിലൊന്നും ഇതുവരേക്കും വ്യക്തതയില്ല.
എന്തായാലും ശസ്ക്രക്രിയയ്ക്ക് ശേഷം യുവാവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
0 Comments