NEWS UPDATE

6/recent/ticker-posts

മോര്‍ഫ് ചെയ്ത ചിത്രം അയച്ച് ഓണ്‍ലൈന്‍ വായ്പ ആപ്പുകാരുടെ ഭീഷണി; ദമ്പതിമാര്‍ ജീവനൊടുക്കി

ഹൈദരാബാദ്: ഓണ്‍ലൈന്‍ വായ്പ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ ദമ്പതിമാര്‍ ജീവനൊടുക്കി. അല്ലൂരി സ്വദേശിയും രാജമഹേന്ദ്രവരം ശാന്തിനഗറില്‍ താമസക്കാരനുമായ കൊല്ലി ദുര്‍ഗ റാവു, ഭാര്യ രമ്യലക്ഷ്മി എന്നിവരാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഹോട്ടലില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മകളുടെ ജന്മദിനത്തിലായിരുന്നു ദാരുണസംഭവം.[www.malabarflash.com]


ദമ്പതിമാര്‍ രണ്ട് ഓണ്‍ലൈന്‍ വായ്പ ആപ്പുകളില്‍നിന്ന് പണം വായ്പയെടുത്തിരുന്നതായും ഇത് തിരിച്ചടക്കാത്തതിനാല്‍ രമ്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആപ്പ് കമ്പനിക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇവര്‍ രമ്യയുടെ മോര്‍ഫ് ചെയ്ത ചിത്രം വാട്‌സാപ്പിലൂടെ അയച്ചുനല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ദമ്പതിമാര്‍ വെസ്റ്റ് ഗോദാവരിയിലെ ഹോട്ടലില്‍ മുറിയെടുത്ത ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്.

ആറുവര്‍ഷം മുമ്പാണ് ദുര്‍ഗ റാവുവും രമ്യയും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് നാലും രണ്ടും വയസ്സുള്ള പെണ്‍കുട്ടികളുണ്ട്. ദുര്‍ഗ റാവു പെയിന്ററും രമ്യ തയ്യല്‍ ജോലിക്കാരിയുമായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ഇവര്‍ രണ്ട് ആപ്പുകള്‍ വഴി വായ്പയെടുത്തത്. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ ആപ്പ് കമ്പനിക്കാരുടെ ഉപദ്രവം ആരംഭിച്ചു. ഇതോടെ ചെറിയ തുക ദമ്പതിമാര്‍ അടച്ചെങ്കിലും മുഴുവന്‍ പണവും ഉടന്‍ അടയ്ക്കണമെന്നായിരുന്നു ആപ്പുകാരുടെ നിര്‍ദേശം. മാത്രമല്ല, ആപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്.

ഇതിനുപിന്നാലെയാണ് പണം അടച്ചില്ലെങ്കില്‍ രമ്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ആരംഭിച്ചത്. ഭീഷണി തുടര്‍ന്നതോടെ പണം കണ്ടെത്താനായി പത്തുദിവസം മുമ്പ് ദുര്‍ഗ റാവു ഡെലിവറി ബോയ് ആയി ജോലിക്കും പോയിത്തുടങ്ങി. എന്നാല്‍ ഈ വരുമാനം കൊണ്ടും പണം തിരിച്ചടയ്ക്കാനായില്ല. ഇതിനിടെയാണ് ഓണ്‍ലൈന്‍ വായ്പ കമ്പനിക്കാര്‍ വീണ്ടും ഭീഷണിപ്പെടുത്തിയത്. രമ്യയുടെ മോര്‍ഫ് ചെയ്ത ചിത്രം വാട്‌സാപ്പിലേക്ക് അയച്ചുനല്‍കിയായിരുന്നു ഇത്തവണ ഭീഷണി. രണ്ടുദിവസത്തിനകം മുഴുവന്‍ തുകയും അടച്ചില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണിസന്ദേശം. ഇതോടെ ദമ്പതിമാര്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഇരുവരും മക്കളെയും കൂട്ടി വെസ്റ്റ് ഗോദാവരിയിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഇവിടെനിന്ന് രമ്യ ബന്ധുവിനെ വിളിച്ച് തങ്ങള്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നും മക്കളെ നോക്കണമെന്നും പറഞ്ഞിരുന്നു. ഇതോടെ ബന്ധു ഹോട്ടല്‍ അധികൃതരെ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ ദമ്പതിമാരായ രണ്ടുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments