Top News

വിവാഹവീട്ടിലെ കവര്‍ച്ച; 30 പവന്‍ സ്വര്‍ണാഭരണം ഫ്‌ളഷ് ടാങ്കില്‍നിന്ന് കണ്ടെത്തി

വാണിമേല്‍: വെള്ളിയോട് വിവാഹവീട്ടില്‍നിന്ന് മോഷണംപോയ മുപ്പതുപവന്‍ ആഭരണം കണ്ടെത്തി. വീട്ടിലെ സെന്‍ട്രല്‍ ഹാളിലെ ശൗചാലയത്തിലെ ഫ്‌ളഷ് ടാങ്കില്‍നിന്നാണ് ഇവ കണ്ടെത്തിയത്.[www.malabarflash.com]


കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മീത്തലെ നടുവിലക്കണ്ടി എം.എന്‍. ഹാഷിം കോയ തങ്ങളുടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നത്. കവര്‍ച്ച നടന്ന ഉടനെ കല്യാണവീട്ടിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വളയം ഇന്‍സ്‌പെക്ടര്‍ എ. അജീഷിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് സ്വര്‍ണാഭരണം കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി ശൗചാലയത്തില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് വീട്ടുടമയായ ഹാഷിം കോയ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വെള്ളമൊഴുകുന്നതു തടയാന്‍ വാള്‍വ് പൂട്ടിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇതു ശരിയാക്കാന്‍വേണ്ടി ശൗചാലയത്തിലെ ഫ്‌ളഷ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.

പാദസരം, താലിമാല, നെക്ലെയ്‌സ്, വളകള്‍ തുടങ്ങിയ കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണാഭരണങ്ങളും അതിലുണ്ടായിരുന്നു. വീട്ടുടമ ഹാഷിം കോയ തങ്ങള്‍ സ്വര്‍ണാഭരണം കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചു. വളയം പോലീസെത്തി ആഭരണം കസ്റ്റഡിയിലെടുത്തു.

കവര്‍ച്ചമുതല്‍ ആരെങ്കിലും കൊണ്ടിട്ടതാണോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. ഏതായാലും വിവാഹദിവസം വീട്ടിലുണ്ടായിരുന്ന ആരോ ആണ് ആഭരണമെടുത്തത് എന്ന കാര്യം വ്യക്തമാണെന്നും അന്വേഷണം ശരിയായ രീതിയിലേക്ക് നീങ്ങിയതിന്റെ തെളിവാണ് സ്വര്‍ണാഭരണം ലഭിച്ചതെന്നും ഇന്‍സ്‌പെക്ടര്‍ എ. അജീഷ് പറഞ്ഞു. തൊണ്ടിമുതല്‍ ലഭിച്ചെങ്കിലും അന്വേഷണം തുടരാന്‍തന്നെയാണ് പോലീസ് തീരുമാനം.

Post a Comment

Previous Post Next Post