Top News

ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലക്ഷങ്ങള്‍ സ്വരൂപിച്ചു, ഡല്‍ഹിയിലേക്ക് വിമാനം കയറി; അരക്കിലോ എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

തൃശ്ശൂര്‍: വിമാന മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അരക്കിലോ എംഡിഎംഎയോടെയാണ് തൃശ്ശൂരില്‍ യുവാക്കള്‍ അറസ്റ്റിലായത്.[www.malabarflash.com]

സംസ്ഥാനത്ത് സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. തൃശ്ശൂര്‍ കേച്ചേരി സ്വദേശികളായ ദയാലും അഖിലുമാണ് അറസ്റ്റിലായത്. 

ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇരുവരും ചേര്‍ന്ന് നാല് ലക്ഷം രൂപ സ്വരൂപിച്ചു. അതിന് ശേഷം കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറി.വിദേശ പൗരനുമായാണ് ഇരുവരും ഇടപാട് നടത്തിയത്. വിദേശ പൗരന്റെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയതിന് ശേഷം അരക്കിലോ എംഡിഎംഎ വാങ്ങി. ഇതില്‍ നാനൂറ് ഗ്രാം എംഡിഎംഎ കൊച്ചിയിലെ കൊറിയര്‍ സര്‍വീസ് വഴി നാട്ടിലെത്തിച്ചു. ബാക്കിയുള്ള നൂറ് ഗ്രാം വിമാനത്തിലൂടെ എത്തിച്ചു. സേലം വിമാനത്താവളത്തിലാണ് ഇരുവരും ഇറങ്ങിയത്. അവിടെ നിന്ന് പല ബസുകള്‍ മാറിക്കയറി തൃശ്ശൂരില്‍ എത്തി. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആര്‍ ആദിതയ്ക്ക് ലഭിച്ചിരുന്നു.

തൃശ്ശൂര്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ പി ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ലഹരിക്കടത്തിന്റെ വഴികളെ കുറിച്ച് അറിഞ്ഞത്. 

ചില്ലറ വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണിതെന്ന് പോലീസ് പറഞ്ഞു. നാല് തവണ ഇതേ രീതിയില്‍ ഇവര്‍ ലഹരി കടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിദേശ പൗരനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post