Top News

ഒന്നിലധികം പേരുമായി രഹസ്യബന്ധം, ചോദ്യംചെയ്ത സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊന്നു, യുവതികള്‍ പിടിയില്‍

ബെംഗളൂരു: രഹസ്യബന്ധം ചോദ്യംചെയ്ത സഹോദരനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതികള്‍ അറസ്റ്റില്‍. കലബുറഗി ഗാജിപുര്‍ സ്വദേശികളായ അനിത (36), മീനാക്ഷി (39) എന്നിവരാണ് പിടിയിലായത്.[www.malabarflash.com]

ഇവരുടെ സഹോദരന്‍ നാഗരാജ് മാതമാരി (29) യെ ജൂലായ് 29-ന് പ്രദേശത്തെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കേസന്വേഷണത്തിനിടെ വാടകക്കൊലയാളികളെ പിടികൂടിയതോടെയാണ് കൊലയ്ക്ക് പിന്നില്‍ സഹോദരിമാരാണെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

മീനാക്ഷിയും അനിതയും വിവാഹബന്ധം വേര്‍പ്പെടുത്തി നാഗരാജിനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. ഇതിനിടെ പലവട്ടമായി പ്രദേശത്തെ ഒന്നിലധികം പേരുമായി ഇരുവരും അടുപ്പത്തിലായി. എന്നാല്‍ ഈ ബന്ധങ്ങളെ നാഗ്രാജ് എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് നിരന്തരം വീട്ടില്‍ വഴക്കുനടന്നിരുന്നു.

ഇഷ്ടമുള്ള ഒരാളെ വിവാഹംകഴിക്കുകയോ അല്ലെങ്കില്‍ വീടുവിട്ട് ഇറങ്ങുകയോ വേണമെന്ന് നാഗരാജ് ആവശ്യപ്പെട്ടതോടെയാണ് സഹോദരനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്. ഇതിനായി ആണ്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വാടകക്കൊലയാളികളെയും ഏര്‍പ്പെടുത്തി.

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാഗരാജിനെ വാടകക്കൊലയാളികള്‍ മര്‍ദിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. പ്രതികളായ അവിനാശ് (25), ആഷിക് (27), രോഹിത് (27) എന്നിവര്‍ നാലുദിവസത്തിനുള്ളില്‍ പോലീസിന്റെ പിടിയിലായി.

ഇവരെ ചോദ്യംചെയ്തതോടെയാണ് അനിതയും മീനാക്ഷിയും ചേര്‍ന്നാണ് കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ചതെന്ന വിവരം പോലീസിന് ലഭിച്ചത്. സംഭവത്തില്‍ നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെങ്കിലും ഒളിവില്‍ പോയ ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post