NEWS UPDATE

6/recent/ticker-posts

സഅദി ഉസ്താദെന്ന പണ്ഡിത രംഗത്തെ സൗമ്യ മുഖം ഇനി ഓർമ്മ

ഉരുവച്ചാൽ: സഅദി ഉസ്താദെന്ന പണ്ഡിത രംഗത്തെ സൗമ്യ മുഖം ഇനി ഓർമ്മ. കഴിഞ്ഞ ദിവസം അന്തരിച്ച ഉരുവച്ചാൽ പഴശ്ശിയിലെ പ്രമുഖ പണ്ഡിതനും കേരള മുസ്‍ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡന്‍റുമായ എൻ. അബ്ദുൽ ലത്തീഫ് സഅദിക്ക് യാത്രയേകാൻ ആയിരങ്ങളാണ് ഒഴുകി എത്തിയത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ ഒമ്പതോടെ പഴശ്ശി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.[www.malabarflash.com]


പരേതനായ പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ അബൂബക്കർ ഹാജി അൽ ഖാദിരിയുടെ മകനാണ് അബ്ദുൽ ലത്തീഫ് സഅദി. നാല് പതിറ്റാണ്ടിലധികമായി പ്രഭാഷണവേദികളിൽ അദ്ദേഹത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലാവരോടും ഹൃദ്യമായി ഇടപെടുന്ന സ്വഭാവമായിരുന്നു.

ശനിയാഴ്ച കെ എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെെകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം.

എസ് എസ് എഫിലുടെ സംഘടന രംഗത്ത് വന്ന അദ്ദേഹം എസ് എസ് എഫിൻ്റെയും എസ് വൈ എസിൻ്റെയും സംസ്ഥാന വൈ. പ്രസിഡണ്ടായും പ്രവർത്തിച്ചു. നിലവിൽ സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡണ്ടും ജില്ലാ മുശാവറ അംഗവുമാണ്.

മരണവാർത്ത അറിഞ്ഞത് മുതൽ ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നും ഉൾപ്പടെ ജന്മനാടായ പഴശ്ശി വഹബിയ മൻസിലിലേക്ക് എത്തിയത് പണ്ഡിതന്മാർ ഉൾപ്പടെ ആയിരങ്ങളാണ്. വീട്ടിൽ ശനിയാഴ്ച്ച വൈകുന്നേരം മുതൽ പല ഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നമസ്കാരത്തിന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ ഉൾപ്പടെ പ്രമുഖ പണ്ഡിതന്മാർ നേതൃത്വം നൽകി. പണ്ഡിതന്മാരും രാഷ്ട്രിയ - സംസ്കാരിക രംഗത്തെ പ്രമുഖരും വീട്ടിലെത്തി അനുശോചനമർപ്പിച്ചു.

മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ സണ്ണി ജോസഫ്, സജി ജോസഫ്, രാമചന്ദ്രൻ കടന്നപ്പള്ളി, എ.എൻ. ഷംസീർ, കെ.പി. മോഹനൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധൻ, നഗരസഭ അധ്യക്ഷ അനിത വേണു, വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, സുന്നി സംഘടന സംസ്ഥാന നേതാക്കളായ ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എൻ. അലി അബ്ദുല്ല, മജീദ് കക്കാട്, പ്രഫ. യു.സി. അബ്ദുൽ മജീദ്, ത്വാഹ തങ്ങൾ, സയ്യിദലി ബാഫഖി തങ്ങൾ, ജമലുലൈലി തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, മുസ്തഫ ദാരിമി കടാങ്കോട്, മുഹമ്മദ് പറവൂർ, നിസാമുദ്ദിൻ ഫാളിലി, സി.എൻ. ജാഫർ, ശാഫി തങ്ങൾ, സഅദ് തങ്ങൾ, വി.പി.എം. ഫൈസി വില്യപ്പിള്ളി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, പി.പി. ഉമ്മർ മുസല്യാർ കൊയ്യോട്, എൽ.ഡി.എഫ്. കൺവീനർ ഇ പി. ജയരാജൻ, എം.വി. ജയരാജൻ, എൻ.വി. ചന്ദ്രബാബു, ഡി.സി.സി. പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി, ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, വി.പി. റഷീദ്, ഫർസീൻ മജിദ്, തോമസ് വർഗീസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസി. ബിനോയ് കുര്യൻ, മുസ്‍ലിം ലീഗ് നേതാക്കളായ അബ്ദുൽ കരിം ചേലേരി, അൻസാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, വി.പി. സൈനുദ്ദിൻ, ഇ.പി. ഷംസുദ്ദിൻ, ഐ.എൻ.എൽ നേതാവ് കാസിം ഇരിക്കൂർ, താജുദ്ദിൻ മട്ടന്നൂർ, സി.പി.ഐ നേതാവ് വി.കെ. സുരേഷ് ബാബു, എസ്.ഡി.പി.ഐ നേതാക്കളായ ബഷീർ കണ്ണാടിപറമ്പ്, എ.സി. ജലാലുദ്ദിൻ, എൻ.പി ഷക്കീൽ, പോപുലർ ഫ്രണ്ട് ജില്ല പ്രസിഡന്‍റ് സി.പി. നൗഫൽ, വെൽഫെയർ പാർട്ടി ജില്ല നേതാക്കളായ കെ. സാദിഖ്, ടി.കെ. മുഹമ്മദലി തുടങ്ങി നിരവധി പേർ അനുശോചനമർപ്പിക്കാനെത്തി.

ജനസാഗരം നിറഞ്ഞ് ഉരുവച്ചാൽ ശിവപുരം റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. പൊലീസും വളണ്ടിയർമാരും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് വാഹനങ്ങൾ നിയന്ത്രിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ഉണ്ടായ ജനത്തിരക്ക് ഇന്ന് രാവിലെ 11 ഓടെയാണ് നീങ്ങിയത്.

Post a Comment

0 Comments