Top News

സർക്കാരിനും മുന്നണിക്കും ‘തലവേദന’യായി വീണ്ടും ശ്രീറാം; ഭക്ഷ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് വകുപ്പുമന്ത്രിയറിയാതെയെന്ന് ആക്ഷേപം. ആരോപണ വിധേയനെ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിയമിച്ചതില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതൃപ്തിയറിയിച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച  രാത്രിയിലായിരുന്നു ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.[www.malabarflash.com]


ശ്രീറാം വെങ്കിട്ടരാമന്‍റെ പുതിയ ചുമതലയും സര്‍ക്കാരിനും ഇടതുമുന്നണിക്കും തലവേദനയാകുമെന്ന് സൂചന നൽകിയാണ് ഭക്ഷ്യമന്ത്രി അതൃപ്തി അറിയിച്ചത്. സിപിഐ ഭരിക്കുന്ന ഭക്ഷ്യവകുപ്പിനു കീഴില്‍ വരുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ ജനറല്‍ മാനേജരായി ശ്രീറാമിനെ നിയമിച്ച് 24 മണിക്കൂര്‍ തികയും മുൻപാണ് മന്ത്രിക്ക് വിയോജിപ്പെന്ന വാര്‍ത്ത പുറത്തുവന്നത്. മുതിര്‍ന്ന സിപിഐ നേതാക്കന്‍മാര്‍ പോലും വാര്‍ത്ത വന്നപ്പോഴാണ് ശ്രീറാമിന്‍റെ പുതിയ നിയമന ഉത്തരവിന്‍റെ കാര്യം അറിഞ്ഞത്. ഇതോടെ മന്ത്രി ജി.ആര്‍.അനില്‍ നേരിട്ട് എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയെന്നാണ് വിവരം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ശ്രീറാം വെങ്കിട്ടരാമിനെ കഴിഞ്ഞ 23നാണ് ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച വാഹനാപകടക്കേസ് പ്രതിയായ ശ്രീറാമിനെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്‍റെ അധികാരമുള്ള കലക്ടറായി നിയമിച്ചതില്‍ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. പ്രതിഷേധം കടുത്തതോടെയാണ് തിങ്കളാഴ്ച രാത്രി ഈ തീരുമാനം സര്‍ക്കാര്‍ തിരുത്തിയത്. സപ്ലൈകോ ജനറല്‍ മാനേജരുടെ തസ്തിക ജോയിന്‍റ് സെക്രട്ടറിയുടേതിനു തുല്യമാക്കിയാണ് ശ്രീറാമിനെ അവിടെ നിയമിച്ചത്.

Post a Comment

Previous Post Next Post