Top News

വൈദികൻ്റെ മകൻ സ്വന്തം വീട്ടിൽ മോഷണം നടത്തിയ സംഭവം; വില്ലൻ ഓൺലൈൻ റമ്മിയും ലോട്ടറിയും

കോട്ടയം: കൂരോപ്പടയില്‍ വൈദികന്റെ മകൻ സ്വന്തം വീട്ടില്‍ മോഷണം നടത്തിയത് പ്രതിക്കൂണ്ടായിരുന്ന കടബാധ്യത തീര്‍ക്കാന്‍. സ്വന്തം വീട്ടില്‍ നിന്നും പ്രതി ഇതിന് മുന്‍പും മോഷണം നടത്തിയുണ്ടെന്നും കണ്ടെത്തി. മൂന്ന് മാസമായി സ്വന്തം വീട്ടില്‍ നിന്ന് സ്ഥിരമായി സ്വര്‍ണം മോഷ്ടിച്ചിട്ടുണ്ട്. തൃക്കോതമംഗലം സെൻ്റ് മേരിസ് ബത്ലഹം പള്ളി വികാരി ഫാദർ ജേക്കബ് നൈനാന്റെ മൂത്തമകൻ ഇളപ്പനാല്‍ ഷിനോ നൈനാന്‍ ജേക്കബ് (36) ആണ് സ്വന്തം വീട്ടിൽ മോഷണം നടത്തിയതിന് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


ഈ കാലയളവിനിടെ മൂന്ന് തവണയായി 12 വളകള്‍ മോഷ്ടിച്ച് വില്‍ക്കുകയും പണയം വെക്കുകയും ചെയ്തു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളായ പ്രതി കട ബാധ്യതയിലായതോടെ മോഷണം തുടങ്ങിയത്. റമ്മി കളിച്ചും ലോട്ടറി എടുത്തും നഷ്ടപ്പെടുത്തിയ കടം വീട്ടുന്നതിന് വേണ്ടിയാണ് സ്വന്തം വീട്ടില്‍ നിന്ന് തന്നെ ഇയാള്‍ മോഷണം നടത്തിയതെന്ന് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി. എന്‍ ബാബുക്കുട്ടന്‍ പറഞ്ഞു. 

കോട്ടയത്തു നിന്ന് വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയായിരുന്നു മോഷണം. കറുകച്ചാല്‍, കോട്ടയം എന്നിവിടങ്ങളില്‍ മോഷ്ടിച്ച ആഭരണങ്ങള്‍ എത്തിച്ച് വിറ്റു. വിദേശത്തുള്ള സഹോദരന്റെ ഭാര്യയുടെ സ്വര്‍ണവും മോഷ്ടിച്ചു. കഴിഞ്ഞ ദിവസം ആരുമില്ലാതിരുന്ന സമയത്ത് വീടിനുള്ളില്‍ കടന്ന് പാദസ്വരവും മാലയും മോതിരവും മോഷ്ടിച്ചു.

തുടര്‍ന്ന് കുറ്റകൃത്യം മറയ്ക്കാനായി മുറിക്കുള്ളില്‍ മുളകുപൊടി വിതറി. മോഷ്ടിച്ച പണം തൊട്ടടുത്തുള്ള ബന്ധുവിന്റെ കടയില്‍ ഒളിപ്പിച്ചു. സ്വര്‍ണാഭരണങ്ങള്‍ കടയുടെ പിന്നില്‍ കുഴിച്ചിട്ടു. കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി മൊഴി നല്‍കിയതുമുതലാണ് ഷിനോ പോലീസിന്റെ സംശയനിഴലിലാകുന്നത്. 

മോഷണം നടന്ന സമയം ഷിനോയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

ചൊവ്വാഴ്ചയാണ് വൈദികന്റെ വീട്ടില്‍ മോഷണം നടന്നത്. സംഭവം നടന്ന വീടിനുള്ളില്‍ നിന്നും മറ്റാരുടെയും വിരലടയാളങ്ങള്‍ ലഭിക്കാതിരുന്നതും പ്രൊഫഷണല്‍ അല്ലാത്ത മോഷണ രീതിയുമാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. വീടിന്റെ ഡ്യുപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് അടുക്കള വാതില്‍ തുറന്നും വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തുമായിരുന്നു മോഷണം. ഇതോടെ വീടുമായി ബന്ധമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ നിഗമനം. 

തുടര്‍ന്ന്, ശാസ്ത്രീയ അന്വേഷണ സംഘവും പോലീസിന്റെ വിരലടയാള വിദഗ്ധരും അടക്കമുള്ളവര്‍ നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. ഇയാളില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post