Top News

വിവാഹം പ്രായശ്ചിത്തമല്ല; പെൺകുട്ടി കൂറുമാറിയിട്ടും പീഡനക്കേസ് പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

കൊച്ചി: 17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 25 കാരനെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. വിചാരണക്കിടെ പെൺകുട്ടിയും മാതാവും കൂറുമാറിയിരുന്നെങ്കിലും ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.[www.malabarflash.com]


2018 ജൂലൈയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ആ സമയം വീട്ടിൽ പെൺകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്.

വയറുവേദനയെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലാക്കിയ ഡോക്ടർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കേസെടുത്തത്. വിസ്താരത്തിനിടയിൽ പെൺകുട്ടിയും മാതാവും പ്രതിക്കനുകൂലമായി കൂറുമാറി. എന്നാൽ, ഡി.എൻ.എ പരിശോധന ഫലത്തിന്‍റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ്​ പ്രതിയെ കോടതി ശിക്ഷിച്ചത്.

പെൺകുട്ടിയെ പ്രതി പിന്നീട് വിവാഹം കഴിച്ചെങ്കിലും ആ കാരണം കൊണ്ട് ചെയ്ത കുറ്റത്തിൽനിന്ന് ഒഴിവാക്കാൻ സാധിക്കില്ലെന്ന് കോടതി വിധി ന്യായത്തിൽ വ്യക്തമാക്കി. കുറ്റകൃത്യം ചെയ്ത സമയത്ത് പ്രതിക്ക് 22 വയസ്സ് മാത്രമായിരുന്നു പ്രായം എന്നുള്ളതും മറ്റു സാഹചര്യങ്ങളും പരിഗണിച്ചാണ് ഏറ്റവും കുറഞ്ഞ ശിക്ഷയായ പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.

തോപ്പുംപടി എസ്.ഐ ബിനു, സി.ഐ എസ്. ശ്രീകുമാർ തുടങ്ങിയവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ എന്നിവർ ഹാജരായി.

Post a Comment

Previous Post Next Post