NEWS UPDATE

6/recent/ticker-posts

താഹിറയുടെ നന്മ; രണ്ട് കൊല്ലം മുന്‍പ് യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ചിതാഭസ്മം നാട്ടിലേക്ക്

ദുബൈ: രണ്ടുവര്‍ഷം മുന്‍പ് യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ച രാജ്കുമാര്‍ തങ്കപ്പന്റെ ചിതാഭസ്മം ഒടുവില്‍ ജന്മനാട്ടിലേക്ക്. യു.എ.ഇയില്‍ ആരോഗ്യ-സാമൂഹ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശി താഹിറ കല്ലുമുറിക്കലാണ് വെള്ളിയാഴ്ച രാജ്കുമാറിന്റെ ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് യു.എ.ഇയില്‍ മരിച്ചയാളുടെ ചിതാഭസ്മം നാട്ടിലെത്തിക്കുന്നത്.[www.malabarflash.com]


2020 മേയിലാണ് കന്യാകുമാരി സ്വദേശി രാജ്കുമാര്‍ തങ്കപ്പന്‍ യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റെടുക്കാന്‍ ആരുമില്ലാതെ മൃതദേഹം യു.എ.ഇയില്‍ തന്നെ സംസ്‌കരിച്ചു. അമ്മയെ നേരത്തേതന്നെ നഷ്ടപ്പെട്ട മക്കള്‍, പിതാവ് രാജ്കുമാറിന്റെ ചിതാഭസ്മമെങ്കിലും ഏറ്റുവാങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് ദുബായിലുള്ള സിജോ പോള്‍ ചിതാഭസ്മം ഏറ്റെടുത്തത്. നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ രണ്ടര വര്‍ഷത്തോളം സിജോ സ്വന്തം താമസസ്ഥലത്ത് ചിതാഭസ്മം സൂക്ഷിച്ചുവെച്ചു.

രാജ്കുമാറിന്റെ മക്കളില്‍നിന്ന് ഈ വാര്‍ത്തകള്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് താഹിറ ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഏറെ കടമ്പകളുണ്ടായിരുന്നു അതിന്. മൃതദേഹം നാട്ടിലെത്തിക്കുന്നതിലും കൂടുതലായിരുന്നു ഇതിനായുള്ള നടപടിക്രമങ്ങള്‍. ഇതെല്ലാം പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച രാത്രി ദുബൈയില്‍നിന്ന് താഹിറ തിരുവനന്തപുരത്തേയ്ക്ക് വിമാനം കയറും, താനിതുവരെ കണ്ടിട്ടില്ലാത്ത രാജ്കുമാറിന്റെ ചിതാഭസ്മവുമായി.

പിതാവിന്റെ അവസാന ശേഷിപ്പായ ചിതാഭസ്മം കല്ലറയില്‍ അടക്കം ചെയ്യാനായി പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ് മക്കള്‍. ചിതാഭസ്മം നാട്ടിലെത്തിക്കാനായുള്ള സഹായമൊരുക്കിയത് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മേധാവി വി. നന്ദകുമാറാണ്. ചിതാഭ്സമം കാത്തിരിക്കുന്ന, രാജ്കുമാറിന്റെ മക്കളുടെ വാര്‍ത്ത മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വി. നന്ദകുമാര്‍ ഈ നന്മയില്‍ പങ്കാളിയായത്. രണ്ടര വര്‍ഷത്തിന് ശേഷം ചിതാഭസ്മം നാട്ടിലെത്തിച്ച അപൂര്‍വ്വ സംഭവത്തിനുകൂടിയാണ് വെള്ളിയാഴ്ച കന്യാകുമാരി വേദിയാവുന്നത്.

Post a Comment

0 Comments