Top News

മകനെ കേസിൽ പ്രതിചേർത്തതിൽ മനംനൊന്ത് വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മകനെ പ്രതിചേർത്തതിൽ മനംനൊന്ത വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. പുറക്കാട്ടിരി കളപ്പുരക്കണ്ടിയിൽ സുന്ദരന്റെ ഭാര്യ ജലജ(52)യെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂട്ടുപ്രതിയായി മകൻ സുബിനെ (22) വ്യാഴാഴ്ച എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ടുവരെ എലത്തൂർ പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന ജലജ വീട്ടിലെത്തിയതോടെ ഏറെ നിരാശയിലായിരുന്നു.

സുബിന്റെ കേസ് സംബന്ധിച്ച വിവരങ്ങൾ പോലീസ് പറഞ്ഞതോടെ ജലജയുടെ മനോനില തെറ്റിയതിനാൽ ബന്ധുക്കൾ രാത്രി ഉറക്കമൊഴിച്ചു ശ്രദ്ധിച്ചിരുന്നുവത്രെ. രാവിലെ വീട്ടുകാർ ഉറങ്ങിപ്പോയ സമയത്ത് ഒമ്പതു മണിയോടെയാണ് മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. 

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും. റിമാൻഡിലായ സുബിനെ സംസ്കാര ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. പിതാവ്: ചാത്തു. മാതാവ്: പെണ്ണുക്കുട്ടി. മറ്റൊരു മകൻ: സുജിൻ. സഹോദരങ്ങൾ: കനകം, ഗീത, പരേതയായ തങ്കം.

Post a Comment

Previous Post Next Post