NEWS UPDATE

6/recent/ticker-posts

ഒരു 'സിം' എടുത്തതിന് സാജു അഴിയാക്കുരുക്കിൽ; അറസ്റ്റ്, ജയിൽവാസം, ഏഴാണ്ടായി നാടുകാണാനാവാതെ മരുഭൂമിയിൽ

ദമ്മാം: ഏഴു വർഷം മുമ്പ്​ ആദ്യമായി സൗദിയിലെത്തിയപ്പോൾ​ വഴിയരികിലെ പെട്ടിക്കടയിൽനിന്ന്​ മൊബൈൽ സിം വാങ്ങുമ്പോൾ ഇത്​ തന്‍റെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കുമെന്ന്​ ഈ ചെറുപ്പക്കാരൻ കരുതിയില്ല. താൻ നൽകിയ വിവരങ്ങൾ ദുരുപയോഗം ചെയ്ത മാഫിയ സംഘം സാമ്പത്തിക തട്ടിപ്പ്​ നടത്തിയ​ കേസിൽ അകപ്പെട്ട്​ നാട്ടിൽ പോകാനാവാതെ അലയുകയാണ്​ കന്യാകുമാരി, കരുങ്കൽ സ്വദേശിയായ സാജു (28).[www.malabarflash.com]


ദമ്മാമിലെ ഒരു കമ്പനിയിൽ മേസ്തിരി ജോലിക്കായാണ്​ സാജു എത്തിയത്​. ഇഖാമ (താമസ രേഖ) ലഭിച്ച ഉടനെ സീകോ ബിൽഡിങ്​​ പരിസരത്തെ ഒരു കടയിൽ നിന്ന്​ മൊബൈൽ സിം വാങ്ങി. അതിനാവശ്യമായ രേഖയായി നൽകിയത്​ ഇഖാമയുടെ പകർപ്പാണ്​. ഒരു വർഷത്തിനുശേഷം ജോലിചെയ്യുന്ന സ്ഥലത്തേക്ക്​ സ്​പോൺസറോടൊപ്പം പോലീസ്​ എത്തിയപ്പോഴാണ്​ താൻ ചതിയിലകപ്പെട്ട വിവരം അറിയുന്നത്​. ​

രാജുവിന്റെ രേഖ ഉപയോഗിച്ച്​ വേറെയും ഫോൺ കണക്ഷനുകൾ എടുക്കുകയും ബാങ്കിൽ അക്കൗണ്ട്​ തുറന്ന്​ പണം കവരുകയും ചെയ്തു എന്നായിരുന്നു കേസ്​. താൻ നിരപരാധിയാണെന്ന്​ വാദിച്ചിട്ടും തെളിവുകൾ സാജുവിന്​ എതിരായിരുന്നു. സൈസഹാത്തിലേയും ഖത്വീഫിലേയും പോലീസ്​ സ്​റ്റേഷനുകളിൽ പാർപ്പിച്ച സാജുവിനെ പിന്നെ ത്വാഇഫിലേക്ക്​ കൊണ്ടുപോയി. അവിടെയും കേസുണ്ട്​ എന്നാണ്​ പോലീസ്​ പറഞ്ഞതത്രേ. ഇതോടെ ദമ്മാമിലുള്ള സാജുവിന്‍റെ സഹോദരൻ സ്റ്റാലിൻ സഹായം തേടി ദമ്മാം ഗവർണർ ഹൗസിൽ പരാതി നൽകി. തുടർന്ന്​ ത്വാഇഫ്​ ജയിലിൽ നിന്ന്​ വിട്ടയച്ചു.

ഇതോടെ കേസുകൾ അവസാനിച്ചു എന്ന ധാരണയിലായിരുന്നു. ഇതിനിടയിൽല ജോലിചെയ്തിരുന്ന നിർമാണ കമ്പനി ചുവപ്പ്​ കാറ്റഗറിയിൽ വീഴുകയും കഴിഞ്ഞ നാലു വർഷമായി ഇഖാമ പുതുക്കാൻ കഴിയാതാവുകയും ചെയ്​തു. ഏക സഹോദരി സൈജിയുടെ വിവാഹം നിശ്ചയിച്ച​തോടെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ്​ പഴയ കേസ്​ പൂർണമായും പരിഹരിക്കപ്പെട്ടില്ല എന്നറിയുന്നത്​. സ്​പോൺസർ പോലും ഇല്ലാതായ സാഹചര്യത്തിൽ ഇനി എങ്ങനെ കേസിന്​ പരിഹാരം കാണും എന്നറിയാത്ത ആശങ്കയിലാണ്​ സാജു.

ഇത്തരത്തിൽ നിരവധി പേരാണ്​ കുടുങ്ങിക്കിടക്കുന്നത്​. നിരപരാധികളാണെന്ന്​ അധികൃതർക്ക്​ ബോധ്യമുണ്ടെങ്കിലും നിയമത്തിന്‍റെ നൂലാമാലകൾ അഴിക്കാൻ ഏറെ പ്രയാസം നേരിടുകയാണ്​. കേസിന്‍റെ കെട്ടുകളഴിച്ച്​ തന്നെ എങ്ങനെയും നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സാജുവും സുഹൃത്തുക്കളും ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ്​ വക്കത്തിന്‍റെ സഹായം തേടിയിരിക്കുകയാണ്​.

Post a Comment

0 Comments