Top News

എംഎൽഎയായ വരൻ വിവാഹത്തിനെത്താതെ മുങ്ങി; പരാതിയുമായി പ്രതിശ്രുത വധു

ഭുവനേശ്വർ: സ്വന്തം വിവാഹത്തിന് എത്താത്തതിനെ തുടർന്ന് ഒഡീഷ എംഎൽഎയ്ക്കെതിരെ പ്രതിശ്രുത വധു പോലീസിൽ പരാതി നൽകി. ജഗത്‌സിങ്പുരിലെ ടിർട്ടോളിൽ നിന്നുള്ള ബിജെഡി എംഎല്‍എ ബിജയ് ശങ്കർ ദാസിനെതിരെയാണ് കാമുകി സോമാലിക ദാസ് പരാതി നൽകിയത്. ജൂൺ 17ന് ജഗത്‌സിങ്പുരിലെ സബ് റജിസ്ട്രാർ ഓഫിസിൽവച്ച് റജിസ്റ്റർ വിവാഹം ചെയ്യാനായിരുന്നു തീരുമാനം.[www.malabarflash.com]


സോമാലിക കൃത്യസമയത്ത് എത്തിയെങ്കിലും ബിജയ് ശങ്കർ ദാസോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ എത്തിയില്ല. സോമാലിക മൂന്ന് മണിക്കൂറോളം കാത്തിരുന്നു. തുടർന്ന് പിറ്റേന്ന് ജഗത്‌സിങ്പുർ പോലീസ് സ്റ്റേഷനിൽ എംഎൽഎയ്ക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകുകയായിരുന്നു. 

വിവാഹത്തിന് വരാതിരിക്കാനായി ബിജയ് ശങ്കർ ദാസിന്റെ അമ്മാവനും മറ്റുള്ളവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ വഞ്ചിച്ചെന്നും താൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും സോമാലിക പറഞ്ഞു. ബിജയ് ശങ്കർ ദാസിന്റെ ബന്ധുക്കൾ തന്നെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നതായും അവർ ആരോപിച്ചു.

എന്നാൽ, ആരോപണങ്ങൾ എംഎൽഎ നിഷേധിച്ചു. ‘നിയമമനുസരിച്ച്, വിവാഹ റജിസ്ട്രേഷന് അപേക്ഷിച്ച് 90 ദിവസത്തിനുള്ളിൽ വിവാഹിതരായാൽ മതി. ഇനിയും 60 ദിവസങ്ങൾ ബാക്കിയുണ്ട്. അന്നേ ദിവസം വിവാഹം റജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ആരിൽ നിന്നും ഒരു വിവരവും ലഭിച്ചിട്ടില്ല’ – അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post