NEWS UPDATE

6/recent/ticker-posts

ഡോളര്‍ കടത്ത് തര്‍ക്കം; കാസറകോട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയില്‍ ഉപേക്ഷിച്ചു

 

മഞ്ചേശ്വരം: പ്രവാസിയായ യുവാവിനെ  തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയില്‍ ഉപേക്ഷിച്ചു. പുത്തിഗെ മുഗുറോഡിലെ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (34) ആണു കൊല്ലപ്പെട്ടത്.[www.malabarflash.com]

സിദ്ദീഖിന്റെ സഹോദരന്‍ മുഗുറോഡിലെ അന്‍വറിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലപ്പെട്ട സിദ്ദിഖുമായി ബന്ധപ്പെട്ടു ഒരു സംഘം ഡോളര്‍ കടത്ത് നടത്തിയിരുന്നു. ഇതില്‍ തിരിമറി നടത്തിയതാണ് കൊലക്ക് കാരണമെന്ന് പോലീസ് നല്‍കുന്ന സൂചന.

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട തിരിമറിയെ തുടര്‍ന്ന് സിദ്ദീഖിന്റെ സഹോദരനെയും അടുത്ത ബന്ധുവായ യുവാവിനെയും രണ്ട് ദിവസം മുമ്പ് പൈവളിഗെയിലെ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ വിട്ടയക്കണമെങ്കില്‍ സിദ്ദിഖ് നാട്ടിലേക്ക് എത്തണമെന്നായിരുന്നു ഡിമാന്‍ഡ്. ഇതുപ്രകാരം ഞായറാഴ്ച ഉച്ചയോടെ നാട്ടിലെത്തിയ സിദ്ദീഖിനെ പൈവളിഗെ ബോളങ്കല ഗ്രൗണ്ടില്‍ തട്ടിക്കൊണ്ട് വന്ന ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഉച്ചയ്ക്ക് മംഗളൂരുവില്‍ വിമാനം ഇറങ്ങി നാട്ടിലെത്തിയ സിദ്ദീഖ്, സംഘത്തിന്റെ കസ്റ്റഡിയിലായതോടെ സഹോദരനെയും ബന്ധുവിനെയും വിട്ടയച്ചിരുന്നു. സംഘത്തിന്റെ കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയായ സഹോദരന്‍ അന്‍വറിനെയും അന്‍സാരിയെയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ട് യുവാക്കള്‍ ഒരു കാറിലാണ് മൃതപ്രായനായ സിദ്ദീഖിനെ ആശുപത്രിയിലെത്തിച്ചതെന്ന് സിസിടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സിദ്ദീഖിന്റെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മര്‍ദ്ദനത്തിനിടയില്‍ നെഞ്ചില്‍ ചവിട്ടിയതാണ് മരണ കാരണമെന്നാണ് നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.

ബന്തിയോട്ടെ ആശുപത്രിയില്‍ നിന്നും സിദ്ദീഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും.

Post a Comment

0 Comments