Top News

ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ മടിച്ച മകളെ പിതാവ് തല്ലിക്കൊന്നു; തടയാൻ ശ്രമിച്ച മാതാവും കൊല്ലപ്പെട്ടു

ഹൈദരാബാദ്: പീഡനം കാരണം ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ മടിച്ച മകളെ പിതാവ് തല്ലിക്കൊന്നു. തടയാൻ ശ്രമിച്ച മാതാവിനെയും കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹബൂബ് നഗർ ജില്ലയിലെ ജെയ്നല്ലിപൂർ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. 23കാരിയായ സരസ്വതിയെയും മാതാവ് കലമ്മയെയും (43) കൃഷ്ണയ്യ (55) എന്നയാൾ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.[www.malabarflash.com]


മേയ് എട്ടിനായിരുന്നു മെഹബൂബ് നഗർ നഗരത്തിലെ യുവാവുമായി സരസ്വതിയുടെ വിവാഹം. ഭര്‍തൃപീഡനത്തെ തുടര്‍ന്ന് പത്താം ദിവസം വീട്ടില്‍ തിരിച്ചെത്തി. മടങ്ങിപ്പോകാൻ കഴിയില്ലെന്ന നിലപാടെടുത്ത മകളെ മാതാവ് പിന്തുണക്കുകയും ചെയ്തു. എന്നാല്‍, മടങ്ങിപ്പോകണമെന്നും വീട്ടില്‍ നിന്നാല്‍ മാനക്കേടാണെന്നുമായിരുന്നു കൃഷ്ണയ്യയുടെ നിലപാട്. ഇതിന്‍റെ പേരില്‍ വീട്ടില്‍ തര്‍ക്കം പതിവായി.

ചൊവ്വാഴ്ച ഉച്ചയോടെ മദ്യപിച്ചെത്തിയ കൃഷ്ണയ്യ മകളുമായി വഴക്കിടുകയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തടയാനെത്തിയ മാതാവിനെയും തലക്കടിച്ച് കൊന്നു. തുടർന്ന് വിഷം കഴിച്ച കൃഷ്ണയ്യ ബന്ധുവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മൂവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അമ്മയും മകളും വഴിമധ്യേ മരിച്ചു. കൃഷ്ണയ്യ അപകടനില തരണം ചെയ്തു.

എം കോം പഠനത്തിനിടെയാണ് സരസ്വതിയെ പിതാവ് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. പഠനം തുടരാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ല.

Post a Comment

Previous Post Next Post