Top News

വാഹനം മരുഭൂമിയില്‍ കുടുങ്ങി; ദാഹിച്ചു വലഞ്ഞ പിതാവും ഏഴു വയസ്സുകാരനും മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് വെള്ളം കിട്ടാതെ സ്വദേശിയും ഏഴു വയസ്സുകാരനായ മകനും മരിച്ചു. ദാഹവും തളര്‍ച്ചയും മൂലമാണ് ഇവര്‍ മരിച്ചതെന്ന്'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.[www.malabarflash.com]

സൗദി അറേബ്യയിലെ അജ്മാന്‍ താഴ് വരയിലാണ് ദാരുണ സംഭവം ഉണ്ടായത്. മരുഭൂമിയില്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോയ സൗദി പൗരന്‍ മകനെയും കൂടെ കൂട്ടി. എന്നാല്‍ യാത്രാമധ്യേ ഇവരുടെ കാര്‍ മണലില്‍ കുടുങ്ങി. മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത സ്ഥലമായിരുന്നതിനാല്‍ സഹായം ചോദിക്കാനായില്ല. 

കാര്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടര്‍ന്ന് മുഗതി ഗ്രാമം ലക്ഷ്യമാക്കി സൗദി പൗരന്‍ കാല്‍നട യാത്ര ചെയ്യുകയായിരുന്നു. വഴിമധ്യേ കൊടുംചൂടില്‍ ദാഹപരവശനായി യാത്ര തുടരാനാകാതെ ഇയാള്‍ മരിച്ചു വീഴുകയായിരുന്നു. ഇവിടെ നിന്ന് കുറച്ച് ദൂരം മാറി മറ്റൊരു സ്ഥലത്താണ് ബാലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുല്ലേജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവരെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ സൗദി രക്ഷാപ്രവര്‍ത്തക സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

Post a Comment

Previous Post Next Post