NEWS UPDATE

6/recent/ticker-posts

പ്രണയവിവാഹം തടയാന്‍ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്ന വാദവുമായി പാട്ടിദാർ സംഘടനകൾ

ഗാന്ധിനഗർ: ഗുജറാത്തിൽ പ്രണയവിവാഹം രജിസ്റ്റർ ചെയ്യാന്‍ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്ന് പാട്ടിദാർ സംഘടനകൾ. പെൺകുട്ടികൾ ഇഷ്ടമുള്ള പുരുഷനുമായി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളിൽ ആരുടെയെങ്കിലും ഒപ്പ് നിർബന്ധമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിലൂടെ ലവ് ജിഹാദ് കേസുകളും സ്വത്തുക്കൾക്കായി സമുദായത്തിലെ പെൺകുട്ടികൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും തടയാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു.[www.malabarflash.com]


പാട്ടീദാർ ഓർഗനൈസേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി, ഖോദൽധാം, സമസ്ത് പാട്ടിദാർ സമാജ് തുടങ്ങിയ 18 വ്യത്യസ്ത പാട്ടിദാർ സംഘടനകൾ നടത്തിയ യോഗത്തിലാണ് വിഷയത്തിൽ സർക്കാറിന് നിവേദനം നൽകാനുള്ള തീരുമാനമെടുത്തത്.

സമുദായത്തിലുള്ള പെൺകുട്ടികൾ മാതാപിതാക്കളെ അറിയിക്കാതെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയും രണ്ട് സാക്ഷികളെ ഏർപ്പാടാക്കി വിവാഹം കഴിക്കുകയും ചെയ്യുന്നതിനാൽ പാട്ടിദാർ സമൂഹം അസ്വസ്ഥരാണെന്ന് യോഗം അറിയിച്ചു.

ഈ പെൺകുട്ടികൾ പിന്നീട് അവരുടെ തീരുമാനത്തിന്‍റെ പേരിൽ സമ്മർദ്ദത്തിലായിട്ടുണ്ട്. മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ ലക്ഷ്യമാക്കിയുള്ള നിരവധി ലവ് ജിഹാദ് സംഭവങ്ങളും സമുദായത്തിനകത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് നിവേദനം നൽകാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും അത്തരം കേസുകളിൽ ഒരു രക്ഷിതാവിന്റെ ഒപ്പില്ലാതെ വിവാഹ രജിസ്ട്രേഷൻ നടത്തരുതെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു. സർക്കാർ ഈ ആവശ്യം അംഗീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ സമുദായത്തിലെ യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യുകയും ആ വിഷയങ്ങൾ കൂടി നിവേദനത്തിൽ ഉൾപ്പെടുത്തിയതായും പാട്ടിദാർ സംഘടനയുടെ പ്രസിഡന്‍റ് ആർ.പി പട്ടേൽ പറഞ്ഞു. ക്വാട്ട സമരത്തിനിടെ പട്ടീദാർ യുവാക്കൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാന്‍ ആവ‍ശ്യപ്പെട്ടും സർക്കാറിന് നിവേദനം സമർപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments