NEWS UPDATE

6/recent/ticker-posts

രാജ്യദ്രോഹ നിയമം മരവിപ്പിച്ചു; സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ നിയമം സുപ്രീം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. നിയമത്തിന്റെ പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെയാണ് നിയമം മരവിപ്പിച്ചിരിക്കുന്നത്. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.[www.malabarflash.com]


ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. 124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ണായകമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 125 എ വകുപ്പ് പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പറഞ്ഞ കോടതി, ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. വിഷയത്തില്‍ പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍നിന്ന് സംസ്ഥാനങ്ങളെയും പോലീസിനെയും വിലക്കണമെന്നാണ് കോടതി നിര്‍ദേശം.

നിലവില്‍ ഈ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. 124 എയുടെ പുനഃപരിശോധന നടക്കുന്നതുവരെയാണ് ഈ താല്‍ക്കാലിക ഉത്തരവ് നിലവിലുണ്ടാവുകയെന്നും ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു.

Post a Comment

0 Comments