NEWS UPDATE

6/recent/ticker-posts

ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനമെന്ന് മുഖ്യമന്ത്രി; മഹാമാരിയെ ചെറുക്കുന്നതിൽ ലോക മാതൃകയെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് നാലാണ്ട് തികയുകയാണ്. മുഖ്യമന്ത്രിയും മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയും മന്ത്രി വീണാ ജോർജും സിസ്റ്റർ ലിനിയുടെ ഓർമ്മകൾ പങ്കുവെച്ചു.[www.malabarflash.com]

മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനമായിരിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മഹാമാരികൾക്കെതിരായ ചെറുത്തുനിൽപ്പുകളിൽ ആരോഗ്യ പ്രവർത്തകരും കേരളീയരാകെയും നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങളുടെ മറുപേരാണ് സിസ്റ്റർ ലിനിയെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു. 

'സിസ്റ്റർ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് നാലാണ്ട് തികയുകയാണ്. നിപ്പയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിൻ്റെ ഓർമ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണ്. സിസ്റ്റർ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേരു കൂടിയാണ്. മറ്റൊരു മഹാമാരിയിൽ നിന്നും പൂർണമായും വിടുതൽ നേടിയിട്ടില്ലാത്ത ഒരു കാലത്താണ് നമ്മളിന്നുള്ളത്. മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനമായിരിക്കും. സ്വന്തം ജീവൻ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന ലിനിയുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞജലികൾ അർപ്പിക്കുന്നു', മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. 

'മഹാമാരികൾക്കെതിരായ ചെറുത്തുനിൽപ്പുകളിൽ ആരോഗ്യ പ്രവർത്തകരും കേരളീയരാകെയും നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങളുടെ മറുപേരാണ് സിസ്റ്റർ ലിനി. ലിനിയുടെ അനശ്വരമായ രക്തസാക്ഷിത്വത്തിന് ഇന്ന് നാലുവർഷം തികയുകയാണ്. നിപ്പയെന്ന മഹാമാരിക്കെതിരെ കേരളീയർ ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനിൽപ്പിന്റെ ഓർമകൂടിയാണ് ഇന്ന് പുതുക്കപ്പെടുന്നത്. നിപ്പ നൽകിയ പാഠം ലോകം വിറങ്ങലിച്ച കൊവിഡ് മഹാമാരിക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് എത്രത്തോളം ഗുണകരമായെന്നത് നമ്മുടെ അനുഭവ സാക്ഷ്യമാണ്. ഇപ്പോഴും നാം പൂർണമായും മുക്തമായിട്ടില്ലാത്ത കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം ലോകത്തിനാകെ മാതൃകയാകും വിധമാണ് നാം നടത്തിയത്. നമ്മുടെ ആരോഗ്യ പ്രവർത്തകർ തന്നെയായിരുന്നു അവിടെയും പ്രതിരോധത്തിന്റെ മുന്നണി പോരാളികൾ. നാമിപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരായ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമകൾ എന്നും പ്രചോദനമാവും. സ്വന്തം ജീവൻ ത്യജിച്ച് ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന സിസ്റ്റർ ലിനിയുടെ ഓർമ പുതുക്കുന്നതിനൊപ്പം ലോകത്താകമാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ കൂടെ ഈ അവസരത്തിൽ ഓർത്തെടുക്കുന്നു. സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ...',കെ കെ ശെെലജ കുറിച്ചു.

Post a Comment

0 Comments