NEWS UPDATE

6/recent/ticker-posts

ശ്രീനിവാസന്‍ വധം: നാല് പേര്‍ അറസ്റ്റില്‍

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്റ്റിലായത്. [www.malabarflash.com]


മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഡാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. റിസ്വാൻ കൃത്യത്തിൽ പങ്കെടുത്തവരുടെ ഫോണുകൾ ശേഖരിച്ചു അവരവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തു. സഹദ് ഗൂഢാലോചനയിൽ പങ്കെടുക്കുകയും മറ്റ് സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തയാളാണ്.

ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്.

കേസിൽ 16 പേർ പ്രതികളാകുമെന്ന് ഇപ്പോൾ കരുതുന്നു. ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും എഡിജിപി അറിയിച്ചു.

സുബൈർ വധത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഗൂഡാലോചനയിലേക്ക് പോലീസിന് എത്താനായിട്ടില്ല. സുബൈർ വധത്തിൽ പ്രതികൾ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ച ശേഷമാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.

അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിഷുദിനം കുത്തിയതോട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തകരാറിലാകാനുമുള്ള സാധ്യത മുന്നിൽ കണ്ട് ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.

ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യൻ ആയുധ നിയമം സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ഫോടക വസ്തു നിയമം 1884-ലെ സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ സ്‌ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.

പാലക്കാട്ടെ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് ശാന്തിപഥമെന്ന സമാധാന സദസ്സുമായി കോൺഗ്രസ്. അടുത്ത ചൊവ്വാഴ്ച കോട്ടമൈതാനിയിൽ നടത്തുന്ന സദസ്സിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. പാലക്കാട് ഡിസിസിയുടെ നേതൃത്വത്തിലാണ് പരിപാടി.

അതിനിടെ എലപ്പുള്ളിയില്‍ സുബൈര്‍ കൊല്ലപ്പെട്ട കേസ് നേരത്തെ തയ്യാറാക്കിയ തിരക്കഥക്ക് അനുസരിച്ച് തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. കേസ് അന്വേഷണത്തില്‍ ആര്‍ എസ് എസ് ഇടപെടലുണ്ട്. കേസില്‍ ഉന്നതതല ഗൂഢാലോചനയുണ്ട്. അത് അന്വേഷിക്കണം. കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പാലക്കാട് വന്നതെന്തിനാണെന്ന് അന്വേഷിക്കണം. വിജയ് സാഖറെ സൂപ്പര്‍ ഡി ജി പിയാകാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment

0 Comments