NEWS UPDATE

6/recent/ticker-posts

കോഴിക്കോട് ഏഴ് വയസുകാരിക്ക് ഷിഗല്ല ലക്ഷണങ്ങൾ; ആഹാര ശുചിത്വം ഉറപ്പുവരുത്തണമെന്ന് അധികൃതർ

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. ജില്ലയിൽ ഒരാൾക്ക് കൂടിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.[www.malabarflash.com]

ഏഴ് വയസുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുമ്പാണ് രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം കുട്ടി ഇപ്പോൾ പൂർണ ആരോഗ്യവതിയായി വീട്ടിൽ വിശ്രമത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അഞ്ഞൂറ് പേർ പങ്കെടുത്ത ഒരു ഇഫ്താർ വിരുന്നിൽ ഈ കുട്ടികൾ നേരത്തെ പങ്കെടുത്തിരുന്നു. ഇവിടുന്നാകാം രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. എരഞ്ഞിക്കൽ മേഖലയിൽ അധികൃതർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഭക്ഷണ പാനീയങ്ങളുടെ ശുചിത്വം ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഷിഗല്ലയുടെ ലക്ഷണങ്ങൾ:
വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ . രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷി​ഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

സ്വീകരിക്കേണ്ട മുൻകരുതൽ:
  • 1.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 
  • 2.ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. 
  • 3.തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
  • 4.കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക. 
  • 5.രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക. 
  • 6.പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. 
  • 7.വെള്ളവും ഭക്ഷണവും ഇളം ചൂടോടുകൂടി കഴിക്കുക. 
  • 8. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക
  • 9.വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക. 10.കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. 
  • 11.വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക. 12.രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. 
  • 13.പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. 
  • 14.രോഗ ലക്ഷണങ്ങൾ ഉള്ളവർ ഓ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക. 
  • 15.കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക

Post a Comment

0 Comments