Top News

ഇറച്ചി വെട്ട് യന്ത്രത്തിലെ സ്വര്‍ണ്ണക്കടത്ത്; സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിനിമ നിര്‍മാതാവിനെ വീട്ടില്‍ റെയ്ഡ്. വാക്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മ്മാതാവായ കെ പി സിറാജുദ്ദീന്റെ വീട്ടിലാണ് പരിശോധന.[www.malabarflash.com] 

ഇറച്ചി വെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് നെടുമ്പാശ്ശേരി വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് നടപടി. ഇതേ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു നിന്നു.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണം പിടികൂടിയിരുന്നു. വിമാനത്താവളത്തില്‍ യന്ത്രം വാങ്ങാനെത്തിയത് ഷാബിനാണ്. യന്ത്രത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തെന്ന് അറിഞ്ഞതോടെ ഇയാള്‍ രക്ഷപ്പെട്ടു. 

തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് യന്ത്രം ഇറക്കുമതി ചെയ്തത്. സ്വര്‍ണം കടത്തുന്നതിന് പണം മുടക്കിയത് ഷാബിനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. നിരവധി തവണ ഷാബിന്‍ സ്വര്‍ണം കടത്തിയാതയും കസ്റ്റംസിന് വിവരം ലഭിച്ചതായാണ് വിവരം. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വീട്ടില്‍ റെയ്ഡ് നടത്തുന്നത്.

Post a Comment

Previous Post Next Post