Top News

'ഹിന്ദുമഹാ സമ്മേളനത്തില്‍ വര്‍ഗ്ഗീയ പ്രസംഗം'; പിസി ജോര്‍ജ്ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്

തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വര്‍ഗ്ഗീയ പ്രസംഗം നടത്തിയ പിസി ജോര്‍ജ്ജിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കി. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗ്ഗീയത നിറഞ്ഞതുമാണ് പ്രസംഗമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പരാതി നല്‍കിയത്.[www.malabarflash.com]

പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വര്‍ഗ്ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. 

കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്. ഇതെല്ലാം മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ പറയുന്നു.

'ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് നമ്മുടെ നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ധവും നിലനിര്‍ത്താന്‍ അനിവാര്യമാണ്. ആയതിനാല്‍, ഐപിസി 153 എ പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണം' എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്. യോഗത്തില്‍ അഡ്വ. കൃഷ്ണരാജ്, ബിജെപി നേതാവ് സന്ദീപ് വചസ്പതി എന്നിവരും പങ്കെടുത്തിരുന്നു. ഏപ്രല്‍ 27ന് ആരംഭിച്ച ഹിന്ദു മഹാസമ്മേളനം മെയ് ഒന്ന് വരെയാണ് സമ്മേളനം. തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസിലാണ് ഹിന്ദു മഹാ സമ്മേളനം നടക്കുന്നത്.

Post a Comment

Previous Post Next Post