Top News

ബിജെപി സര്‍ക്കാര്‍ ബ്രിട്ടീഷ് നയം തുടരുന്നു; പിണറായി വഴികാട്ടി, വേറിട്ട മുഖ്യമന്ത്രി - സ്റ്റാലിന്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബ്രിട്ടീഷ് നയങ്ങളാണ് ബിജെപി സര്‍ക്കാര്‍ തുടരുന്നതെന്നും ബ്രിട്ടീഷുകാര്‍പോലും ചെയ്യാത്ത കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി 'കേന്ദ്ര സംസ്ഥാന ബന്ധം' എന്ന വിഷയത്തില്‍ നടത്തിയ ദേശീയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


ജിഎസ്ടിയടക്കം സംസ്ഥാനങ്ങളുടെ താളം തെറ്റിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാന്‍ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഭരണഘടനാശില്‍പികള്‍ ഏകത്വത്തിനുവേണ്ടിയല്ല നിലകൊണ്ടത്. ഇന്ത്യയുടെ നാനാത്വം അട്ടിമറിച്ച് ഏകത്വം മാത്രം നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഒന്നുമാത്രം മതിയെന്ന രീതി ഒരുപാര്‍ട്ടിയിലും ഒരുമതത്തിലും മാത്രമെത്തും. ഇതിനെതിരേ ഒന്നിച്ചുനിന്ന് പോരാടി ശക്തമായ ഫെഡറല്‍ ഇന്ത്യ രൂപപ്പെടുത്താന്‍ ശ്രമിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഗവര്‍ണര്‍മാരെ ദുരുപയോഗിക്കുകയാണെന്നും കേന്ദ്ര നടപടികള്‍ ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മലയാളം പറഞ്ഞുകൊണ്ടാണ് സ്റ്റാലിന്‍ പ്രസംഗം ആരംഭിച്ചത്. പിണറായി വേറിട്ട മുഖ്യമന്ത്രിയാണെന്നും ഇന്ത്യയിലെ ഉരുക്കുമനുഷ്യരില്‍ ഒരാളെന്നും സ്റ്റാലിന്‍ പറഞ്ഞു. മതേതരത്വത്തിന്റെയും അവകാശപോരാട്ടങ്ങളുടെ മുഖമായ പിണറായി ഭരണത്തില്‍ തനിക്ക് വഴികാട്ടിയാണ്. ഒരു കൈയില്‍ പോരാട്ടവീര്യവും മറുകൈയില്‍ ഭരണപാടവവുമുള്ള നേതാവാണ് പിണറായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേരുതന്നെ തെളിവാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഈ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത് തന്റെ കടമയാണ്. പിണറായിയോടുള്ള സ്നേഹവും കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധവും കൊണ്ടാണ് സെമിനാറിനെത്തിയതെന്നും സ്റ്റാലിന്‍ പറഞ്ഞു.

Post a Comment

Previous Post Next Post