Top News

കെ.എസ്.ടി.പി. റോഡുകളിൽ സൗരവിളക്കുകൾ തെളിക്കാൻ അനർട്ട്

കാസർകോട് : ഇരുട്ടിലായ അഞ്ച് കെ.എസ്.ടി.പി. റോഡുകളിലെ സൗരവിളക്കുകൾ അനർട്ട് തെളിക്കും. കത്താത്ത 1812 തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയാണ് നടത്തുക. 9.36 കോടി രൂപയാണ് ചെലവ്. ഇതിനുള്ള ശുപാർശ അനർട്ട് കെ.എസ്.ടി.പി. ചീഫ് എൻജിനിയർക്ക് നൽകി. ഫണ്ട് അനുവദിച്ചാലുടൻ അനർട്ട് പണി തുടങ്ങും. ആറുമാസത്തിനകം പൂർത്തീകരിക്കാനാകുമെന്ന് അനർട്ട് അഡീഷണൽ ചീഫ് ടെക്‌നിക്കൽ മാനേജർ ആർ. രാജേഷ് പറഞ്ഞു.[www.malabarflash.com]


കാസർകോട്-കാഞ്ഞങ്ങാട്, പിലാത്തറ-പാപ്പിനിശ്ശേരി, പൊൻകുന്നം-തൊടുപുഴ, ചെങ്ങന്നൂർ-ഏറ്റുമാനൂർ, ഏറ്റുമാനൂർ-മൂവാറ്റുപുഴ റോഡുകളിലാണ് സൗരവിളക്കുകൾ മാറ്റുക. ആദ്യഘട്ടമായി കാസർകോട്-കാഞ്ഞങ്ങാട്, പിലാത്തറ-പാപ്പിനിശ്ശേരി, ചെങ്ങന്നൂർ-ഏറ്റുമാനൂർ റോഡുകളിലെ 728 ലൈറ്റുകൾ പ്രകാശിപ്പിക്കും. 

ഇതടക്കം 1812 വിളക്കുകളാണുള്ളത്. മരങ്ങൾക്കും കെട്ടിടങ്ങൾക്കും അരികെയായതിനാൽ വെയിൽ ലഭിക്കാത്ത സൗരവിളക്കുകൾ ഒഴികെയുള്ള എണ്ണമാണിത്. ഇവ നന്നാക്കിയാലും പ്രയോജനമില്ലാത്തതിനാൽ അനർട്ട് ഏറ്റെടുക്കുന്നില്ല. കെ.എസ്.ടി.പി. റോഡ് നിർമാണസമയത്ത് ഏജൻസി വഴിയാണ് സോളാർവിളക്കുകൾ സ്ഥാപിച്ചത്. അറ്റകുറ്റപ്പണിയില്ലാത്തതിനാൽ വർഷങ്ങളായി ഇരുട്ടിലാണ് ഈ റോഡുകൾ.

കെ.എസ്.ടി.പി. റോഡുകളിലെ സൗരവിളക്കുകളിൽനിന്ന് ബാറ്ററി മോഷ്ടിക്കുന്നത് പതിവായിട്ടുണ്ട്. നിലവിലുള്ള വിളക്കുകളുടെ ഭൂരിഭാഗം ബാറ്ററിയും മോഷണംപോയി. പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ 206 വിളക്കുകളിൽ പകുതിയോളം എണ്ണത്തിന് ബാറ്ററി ഇല്ല. മേൽപ്പാലത്തിലെ വിളക്കുകളിലെ ബാറ്ററിവരെ ഊരിയെടുത്തു. 

കാസർകോട്-കാഞ്ഞങ്ങാട് പാതയിലെ 340 വിളക്കുകളിൽ പലതിനും ബാറ്ററി ഇല്ല. അനർട്ട് പുതിയ എൽ.ഇ.ഡി. വിളക്കുകൾ വെക്കുമ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയാണിത്. 

നിലവിലുള്ള ബാറ്ററിക്ക് പകരം ലിഥിയം ഫെറോ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇനി വെക്കുക. ഇത് അറ്റകുറ്റപ്പണി വേണ്ടാത്തവയാണ്. മോഷണം തടയാൻ വിളക്കുകാലിൽ ഉയരത്തിൽ ഈ ബാറ്ററി വെക്കാനാണ് ആലോചന.

Post a Comment

Previous Post Next Post