NEWS UPDATE

6/recent/ticker-posts

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ. ശങ്കരനാരായണന്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ശേഖരീപുരത്തെ വസതിയില്‍ രാത്രി 8.50- ഓടെ ആയിരുന്നു അന്ത്യം. വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍, യു.ഡി.എഫ്. കണ്‍വീനര്‍, നിയമസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.[www.malabarflash.com]


ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലായിരുന്നു ശങ്കരനാരായണന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ശങ്കരനാരായണന്‍ സജീവരാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് പാലക്കാട് ഡി.സി.സി. സെക്രട്ടറിയായും പ്രസിഡന്റായും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1977-ല്‍ തൃത്താലയില്‍നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് ശ്രീകൃഷ്ണപുരം(1980), ഒറ്റപ്പാലം(1987), പാലക്കാട്(2001) എന്നിവിടങ്ങളില്‍നിന്നും നിയമസഭയിലെത്തി. 1977-78-ലെ കെ. കരുണാകരന്‍, എ.കെ. ആന്റണി സര്‍ക്കാരുകളിലും 2001-04-ലെ എ.കെ. ആന്റണി സര്‍ക്കാരിലും മന്ത്രിയായിരുന്നു. 77-78-ല്‍ കൃഷി, സാമൂഹിക ക്ഷേമ വകുപ്പു മന്ത്രിയായിരുന്നു. ആന്റണി മന്ത്രിസഭയില്‍ ധനകാര്യ-എക്‌സൈസ് വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

1982-ല്‍ ശ്രീകൃഷ്ണപുരത്തുനിന്നും 1991-ല്‍ ഒറ്റപ്പാലത്തുനിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. 1985 മുതല്‍ 2001 വരെ യു.ഡി.എഫ്. കണ്‍വീനര്‍ ആയിരുന്നു. കെ കാമരാജിന്റെ അടുത്ത അനുയായി ആയിരുന്നു ശങ്കരനാരായണന്‍. കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴും സംഘടന കോണ്‍ഗ്രസില്‍ ഉറച്ചു നിന്നു.

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ സജീവരാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ശങ്കരനാരായണന്‍ തീരുമാനിച്ചു. തുടര്‍ന്ന് 2007-ല്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിതനായി. പിന്നീട് അസം, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ്, ഗോവ (അധികചുമതല) , മഹാരാഷ്ട്ര ഗവര്‍ണര്‍സ്ഥാനങ്ങളും വഹിച്ചു. ആറ് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍സ്ഥാനം വഹിച്ച ഏക മലയാളിയാണ് ഇദ്ദേഹം. രാധയാണ് ഭാര്യ. മകള്‍: അനുപമ. 'അനുപമം ജീവിതം' അദ്ദേഹത്തിന്റെ ആത്മകഥയാണ്.

Post a Comment

0 Comments