NEWS UPDATE

6/recent/ticker-posts

കർണാടക എസ്.ഐ പരീക്ഷാക്രമക്കേട്; മുഖ്യപ്രതി ബി.ജെ.പി വനിത നേതാവ് അറസ്റ്റില്‍

ബംഗളൂരു: കർണാടകയിലെ എസ്.ഐ നിയമന പരീക്ഷാക്രമക്കേടിലെ മുഖ്യപ്രതിയായ ബി.ജെ.പി നേതാവ് ദിവ്യ ഹഗരഗിയെ സി.ഐ.ഡി സംഘം മഹാരാഷ്ട്രയിൽനിന്ന് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പുണെയില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുപേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.[www.malabarflash.com]


ഇതില്‍ ഒരാള്‍ ദിവ്യ ഹഗരഗിയുടെ ഉടമസ്ഥതയിലുള്ള ജ്ഞാനജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്. ദിവ്യക്കെതിരെ നേരത്തെ കേസെടുത്തെങ്കിലും കഴിഞ്ഞ 18 ദിവസത്തോളമായി ഇവർ ഒളിവിലായിരുന്നു. ഒളിവിലുള്ള ഇവർക്കായി പോലീസ് വാറന്‍റും പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ദിവ്യ ഹഗരഗി അറസ്റ്റിലാകുന്നത്. ഇതിനിടെ, എസ്.ഐ. നിയമന പരീക്ഷ റദ്ദാക്കി വ്യാപകക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എസ്.ഐ നിയമന പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കി. രണ്ടുമാസത്തിനുള്ളില്‍ വീണ്ടും പരീക്ഷ നടത്തുമെന്നും പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

മഹിള മോര്‍ച്ചയുടെ മുന്‍ കലബുറഗി ജില്ല പ്രസിഡന്‍റുകൂടിയായ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണ് അറസ്റ്റ് വൈകുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. ദിവ്യ അറസ്റ്റിലായതോടെ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. നിയമ നടപടികളിൽ സർക്കാർ ഒരു തരത്തിലും ഇടപെടില്ലെന്നും അന്വേഷണ സംഘത്തിന് സമ്പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദിവ്യ ഹഗരഗി അറസ്റ്റിലായതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. ഇവരുടെ ഉടമസ്ഥതയിലുള്ള കലബുറഗിയിലെ ജ്ഞാനജ്യോതി സ്കൂളാണ് ക്രമക്കേടിന്‍റെ പ്രധാന കേന്ദ്രമെന്ന് നേരത്തെതന്നെ കണ്ടെത്തിയിരുന്നു. പരീക്ഷാകേന്ദ്രമായിരുന്ന ഈ സ്‌കൂളില്‍ പരീക്ഷയെഴുതിയ 11 പേരുടെ ഉത്തരക്കടലാസിലാണ് ആദ്യഘട്ടത്തില്‍ ക്രമക്കേട് കണ്ടെത്തിയത്. 

ബ്ലൂടൂത്ത് ഉപകരണം വഴി പുറത്തുനിന്ന് ഉത്തരം പറഞ്ഞുകൊടുത്തും ഉത്തരക്കടലാസില്‍ മാറ്റം വരുത്തിയുമായിരുന്നു ക്രമക്കേട്. നേരത്തേ അന്വേഷണ സംഘം സ്‌കൂളില്‍ നടത്തിയ പരിശോധനക്കും ശേഷം ദിവ്യയുടെ ഭര്‍ത്താവിനെ അറസ്റ്റുചെയ്തിരുന്നു.

Post a Comment

0 Comments