NEWS UPDATE

6/recent/ticker-posts

കല്ല്യാണത്തിന് മുന്നോടിയായി ബ്യൂട്ടി പാര്‍ലറിലെത്തി; കണ്ണുതുറക്കാന്‍ പോലുമാകാതെ ആശുപത്രിയില്‍

വിവാഹം അടുത്താല്‍ ചില പെൺകുട്ടികൾ സൗന്ദര്യചികിത്സയ്ക്ക് പോകാറുണ്ട്. എന്നാല്‍ ഈ സൗന്ദര്യ ചികിത്സ ദുരന്തമായി മാറിയാലോ? അത്തരമൊരു ദുരന്തമാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുള്ള തമിക ക്ലെഗെറ്റ് എന്ന യുവതിക്ക് സംഭവിച്ചത്.[www.malabarflash.com]


കണ്‍പുരികങ്ങള്‍ വാക്‌സ് ചെയ്ത് നിറം നല്‍കാനാണ് തമിക ബ്യൂട്ടിപാര്‍ലറിലെത്തിയത്. ഡൈ അലര്‍ജിയുള്ളതിനാല്‍ പെന്‍സിലുപയോഗിച്ചാണ് കണ്‍പുരികങ്ങള്‍ നിറം നല്‍കാന്‍ തമിക ബ്യൂട്ടീഷ്യനോട് നിര്‍ദേശിച്ചത്. എന്നാല്‍ ഇതുമറന്ന് ബ്യൂട്ടീഷ്യന്‍ ഡൈ ഉപയോഗിക്കുകയായിരുന്നു. ഇതോടെ തമികയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. കണ്ണുകള്‍ നീറുകയും ചൊറിയുകയും ചെയ്തു.

ആശുപത്രിയിലെത്തിയപ്പോഴേക്കും മുഖം ചുവന്നുവീര്‍ത്ത് കണ്ണു തുറക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും ഒരു മാസത്തോളം വിശ്രമിക്കേണ്ടി വന്നു. വിവാഹത്തിന് പിന്നേയും മാസങ്ങള്‍ അവശേഷിച്ചിരുന്നതിനാല്‍ നിശ്ചയിച്ച ദിവസംതന്നെ ചടങ്ങ് നടത്താനായി.

അന്നത്തെ അനുഭവം ഇപ്പോഴും ഒരു ഞെട്ടലോട് കൂടിയേ ഓര്‍ക്കാന്‍ കഴിയൂ എന്നു തമിക പറയുന്നു. 'വിചിത്ര മുഖവുമായാണ് ആശുപത്രിയിലേക്ക് പോയത്. അന്യഗ്രഹ ജീവിയെപ്പോലെയാണ് ആളുകള്‍ എന്നെ തുറിച്ചുനോക്കിയത്. വിവാഹം വേണ്ടെന്നുവെച്ചാലോ എന്നുപോലും ചിന്തിച്ചു. ജീവിതത്തില്‍ ഏറ്റവും വേദനയും നിരാശയുമുണ്ടായ ദിവസങ്ങളായിരുന്നു അത്.' തമിക പറയുന്നു.

ബ്യൂട്ടിപാര്‍ലര്‍ തിരഞ്ഞെടുക്കുമ്പോഴും പുതിയ ഉത്പന്നങ്ങള്‍ പരീക്ഷിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണമെന്ന് തമിക പറയുന്നു. പാച്ച് ടെസ്റ്റ് നടത്തി അലര്‍ജി ഇല്ലെന്ന് ഉറപ്പുവരുത്തണം. അലര്‍ജി ഉണ്ടാക്കുന്നവ എന്തെല്ലാമാണെന്ന് രേഖാമൂലം എഴുതിനല്‍കണമെന്നും തമിക പറയുന്നു.

2016 ഡിസംബറിലായിരുന്നു തമികയുടെ വിവാഹം. ബ്യൂട്ടി പാര്‍ലറില്‍ നിന്നുള്ള ദുരനുഭവം വ്യക്തമാക്കി നിരവധി പേര്‍ രംഗത്തുവന്നപ്പോള്‍ തമികയും തന്റെ അനുഭവം തുറന്നുപറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോയില്‍ ദുരനുഭവം വ്യക്തമാക്കുന്ന ചിത്രങ്ങളും തമിക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments