Top News

വിവാഹിതൻ യുവതിയോടൊപ്പം ഒളിച്ചോടി: അന്വേഷണ ചെലവിന്‍റെ 50 ശതമാനം നൽകണമെന്ന് കോടതി

അഹ്മദാബാദ്: യുവതിയോടൊപ്പം ഒളിച്ചോടിയ സംഭവത്തിൽ വിവാഹിതനായ യുവാവിനോട് പോലീസിന് അന്വേഷണത്തിന്‍റെ ഭാഗമായി ചെലവായ തുകയുടെ 50 ശതമാനം നൽകാൻ കോടതി ഉത്തരവിട്ടു. ഗുജറാത്ത് ഹൈകോടതിയുടേതാണ് വിചിത്ര ഉത്തരവ്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിന് ചെലവായ തുകയുടെ പകുതി നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.[www.malabarflash.com]


2021ലായിരുന്നു കേസിനാസ്പദമായ സംഭവം. അഹ്മദാബാദ് സ്വദേശിയായ രാഘാഭായ് പർമാറും 20കാരിയായ യുവതിയും ഏഴ് മാസം മുമ്പാണ് ഒളിച്ചോടിയത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ പോലീസ് കണ്ടെത്തുകയും മാതപിതാക്കൾക്ക് കൈമാറുകയും ചെയ്തു.

അന്വേഷണത്തിനിടെയാണ് പർമാർ വിവാഹിതനാണെന്ന് കണ്ടെത്തിയത്. 42,000 രൂപ കേസന്വേഷണത്തിന്‍റെ ഭാഗമായി ചെലവായതായി പോലീസ് ചൂണ്ടിക്കാട്ടി. കോടതിക്ക് മുമ്പാകെ ഹാജരാകാൻ 72,000 രൂപ ചെലവഴിച്ചു. ഇതോടെ യുവതിയെ തിരികെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനെടുത്ത ആകെ തുക 1,11,7500 രൂപയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയായ പർമാറിൽ നിന്നും ചെലവായ തുകയുടെ പകുതി തുക ഈടാക്കാൻ കോടതി ഉത്തരവിട്ടത്. വിവാഹിതനായിരുന്നിട്ടും യുവതിയുമായി ഒളിച്ചോടിയതിനും ചൂഷണം ചെയ്‌തതിനുമുള്ള ശിക്ഷ കൂടിയാണ് ഉത്തരവെന്ന് കോടതി പറഞ്ഞു. മകളെ കണ്ടെത്താൻ വ്യക്തിപരമായി 8.06 ലക്ഷം രൂപ ചെലവഴിച്ചതായി യുവതിയുടെ പിതാവും കോടതിയെ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post