Top News

ഓടുന്ന കാറിനു മുകളിൽ കയറിനിന്ന് യുവാക്കളുടെ നൃത്തം; 20,000 രൂപ പിഴയിട്ട് പോലീസ്

ഗാസിയാബാദ്: ഓടുന്ന കാറിനു മുകളിൽ കയറിനിന്ന് നൃത്തം ചെയ്ത സംഭവത്തിൽ വാഹനത്തിന്റെ ഉടമയ്ക്ക് പിഴയിട്ട് പോലീസ്. ഗാസിയാബാദിലാണ് സംഭവം. തിരക്കേറിയ ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിലാണ് വാഹനത്തിനു മുകളിൽ കയറിനിന്ന് രണ്ടു യുവാക്കൾ നൃത്തം ചെയ്തത്. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.[www.malabarflash.com]

യുവാക്കളുടെ നൃത്തത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഗാസിയാബാദ് ട്രാഫിക് പോലീസ് ഇടപെട്ടത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.

കാറിനു മുകളിൽ കയറിനിന്ന് യുവാക്കൾ നൃത്തം ചെയ്യുന്ന വിഡിയോ സഹിതം ഗാസിയാബാദ് പോലീസിനെ ടാഗ് ചെയ്ത് പ്രശാന്ത് കുമാർ എന്നയാൾ ട്വീറ്റ് ചെയ്തിരുന്നു. ‘ഗാസിയാബാദിൽ മദ്യപരെന്നു കരുതുന്ന ഒരുകൂട്ടം യുവാക്കൾ ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ കാറിനു മുകളിൽ കയറിനിന്ന് നൃത്തം ചെയ്യുന്നു. ഗാസിയാബാദ് പോലീസ് ഇടപെട്ട് ഇവരുടെ നൃത്തം ലോക്കപ്പിലേക്കു മാറ്റുമെന്നാണ് പ്രതീക്ഷ’ പ്രശാന്ത് കുമാർ കുറിച്ചു.

തിരക്കേറിയ നിരത്തിലൂടെ കാർ പതുക്കെ നീങ്ങുന്നത് 33 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ വ്യക്തമാണ്. രണ്ട് യുവാക്കൾ വാഹനത്തിൽനിന്ന് ഇറങ്ങി കാറിനു മുകളിലെ നൃത്തം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്നതും കാണാം. തുടർന്ന് നൃത്തം ചെയ്യുന്ന യുവാക്കൾ കാറിനു മുകളിൽനിന്ന് ഇറങ്ങി ഒരാൾ ഡ്രൈവിങ് സീറ്റിലും രണ്ടാമൻ പിന്നിലും ഇരിക്കുന്നതും വിഡിയോയിൽ വ്യക്തം. വിഡിയോയിൽ കാറിന്റെ നമ്പർ പ്ലേറ്റും ദൃശ്യമാണ്.

ഓടുന്ന കാറിനു മുകളിലെ യുവാക്കളുടെ നൃത്തം ട്വിറ്ററിൽ വൈറലായതോടെയാണ് പ്രതികരണവുമായി ഗാസിയാബാദ് ട്രാഫിക് പോലീസ് രംഗത്തെത്തിയത്. ‘ട്വിറ്ററിൽ ലഭിച്ച പരാതിപ്രകാരം ട്രാഫിക് നിയമം ലംഘിച്ചതിന് മേൽപ്പറഞ്ഞ വാഹനത്തിന്റെ ഉടമയിൽനിന്ന് 20,000 രൂപ പിഴയായി ഈടാക്കി’ – ഗാസിയാബാദ് ട്രാഫിക് പോലീസ് ട്വീറ്റ് ചെയ്തു. വാഹനത്തിന്റെ ഉടമയുടെ പേരും വാഹന നമ്പറും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ഇ–ചെലാന്റെ പകർപ്പും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post