NEWS UPDATE

6/recent/ticker-posts

ആയിരത്തിയഞ്ഞൂറ് കുടുംബങ്ങള്‍ക്ക് 18 ലക്ഷം രൂപയുടെ റംസാൻ കിറ്റ് നല്‍കി തട്ടുകടക്കാരന്‍; താമസം ഇന്നും വാടകവീട്ടില്‍

നിലമ്പൂര്‍: തട്ടുകട നടത്തി ഉപജീവനം നടത്തുന്ന കല്ലിങ്കല്‍ യാസര്‍ ഈ വര്‍ഷം വിതരണം ചെയ്തത് 18 ലക്ഷം രൂപയുടെ റംസാൻ കിറ്റുകള്‍. 1500 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.[www.malabarflash.com]

നിലമ്പൂര്‍ ചന്തക്കുന്നിലാണ് യാസറിന്റെ കല്യാണപ്പുര എന്ന തട്ടുകട. തട്ടുകടയില്‍ എപ്പോഴും പുതുവിഭവങ്ങളുമായി ജനങ്ങളെ സല്‍ക്കരിക്കുന്ന യാസര്‍ ഓരോ വര്‍ഷവും തനിക്ക് ലഭിക്കുന്ന ലാഭം റംസാൻ  ആരംഭിക്കുന്നതിന് മുമ്പേ വിതരണം ചെയ്യുകയാണ് പതിവ്. പിതാവ് സൈതാലിയുടെ പേരില്‍ ആരംഭിച്ച കല്ലിങ്കല്‍ സൈതലവി ഫൗണ്ടേഷനും കല്യാണപ്പുര തട്ടുകടയും ചേര്‍ന്ന് ഈ വര്‍ഷം 18 ലക്ഷം രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 

ഇപ്പോഴും വാടകവീട്ടില്‍ താമസിക്കുന്ന യാസര്‍ ഓരോ വര്‍ഷം തനിക്ക് നല്‍കാന്‍ കഴിയുന്ന കാരുണ്യത്തിന്റെ തോത് വലുതാക്കാന്‍ കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്.

'പുണ്യമാസത്തില്‍ ഒരു കൈത്താങ്ങ്' എന്ന പേരില്‍ നടന്ന ചടങ്ങ് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. അലി ഫൈസി മൗലവി, മുജീബ് ദേവശ്ശേരി, നാണിക്കുട്ടി കൂമഞ്ചേരി, മഠത്തില്‍ കബീര്‍, എരഞ്ഞിക്കല്‍ ബാബു, സക്കീര്‍ പെരിങ്ങാത്തോടി, റിയാസ് ചന്തക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. 

പരിപാടി ഉദ്ഘാടനം ചെയ്ത ആര്യാടന്‍ ഷൗക്കത്ത് യാസറിന്റെ നന്മയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. ഷൗക്കത്തിന്റെ പോസ്റ്റ് വായിക്കാം
'തട്ടുകടയാണ് കല്ലിങ്ങല്‍ യാസറിന്റെ ഉപജീവന മാര്‍ഗ്ഗം.വിതരണം ചെയ്തത് പതിനെട്ട് ലക്ഷം രൂപയുടെ റമളാന്‍ കിറ്റ് . കല്യാണപ്പുര എന്ന പേരിലറിയുന്ന യാസറിന്റെ നിലമ്പൂര്‍ ചന്തക്കുന്നിലെ തട്ടുകടയില്‍ എന്നും തിരക്കാണ്. ബിരിയാണിക്ക് തൂക്കത്തിനാണ് വില .പുതിയ വിഭവങ്ങളുമായി എന്നും ആളുകളെ സല്‍ക്കരിക്കല്‍ യാസറിന്റെ പതിവ് രീതിയാണ് .പക്ഷെ നീക്കിയിരിപ്പൊന്നുമില്ല.അതുകൊണ്ട് താമസം ഇന്നും വാടക വീട്ടിലാണ് .ഓരോ വര്‍ഷത്തെയും യാസറിന്റെ ലാഭം മുഴുവനായും നിലമ്പൂരിലെ സാധാരണക്കാര്‍ക്ക് അവകാശപെട്ടതാണ് .

പന്ത്രണ്ട് വര്‍ഷം മുമ്പ് പിതാവ് സൈദാലിക്കയുടെ സ്മരണയായാണ്ഈ സഹായവിതരണം ആരംഭിച്ചത് .ഓരോ വര്‍ഷം കൂടുമ്പോഴും കിറ്റിന്റെ വണ്ണവും ആളുകളുടെ എണ്ണവും കൂടി വരുന്നു . ഈ വര്‍ഷം പതിനെട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് ഈ തട്ടുകടക്കാരന്‍ ആയിരത്തി അഞ്ഞൂറു കുടുംബങ്ങളിലേക്ക് സഹായഹസ്തം നീട്ടുന്നത് . ഇങ്ങിനെ കുറെ മനുഷ്യര്‍ നമുക്കിടയിലുണ്ട്.ആര്‍ത്തിപൂണ്ട് സകലതും വെട്ടിപ്പിടിക്കാന്‍ ഓടി നടക്കുന്ന നമുക്കിടയില്‍'.

Post a Comment

0 Comments